തിരുവനന്തപുരം: വീര സവർക്കറെ മോശക്കാരനാക്കാനുള്ള സംഘടിത ശ്രമങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്ന് സി. സദാനന്ദൻ മാസ്റ്റർ എം.പി. സവർക്കറെ അപമാനിക്കുന്ന നിലപാടാണ് കേരള സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വീര സവർക്കറുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെട്ട സ്വാതന്ത്ര്യ ക്വിസിനറെ പേരിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത സംഭവത്തിലായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷ വിമർശനം.
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പോലും സവർക്കറെ സ്വാതന്ത്ര്യസമര സേനാനിയായി അംഗീകരിച്ചിരുന്നു. പിന്നെ എന്തുകൊണ്ടാണ് കേരളത്തിലെ യുഡിഎഫ് സർക്കാർ സവർക്കറെ തമസ്കരിക്കുന്നത്. ഇതിന്റെ സാഹചര്യം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അധ്യാപകനെ സസ്പെൻഡ് ചെയ്യാനുള്ള നടപടി വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു. ചോദ്യങ്ങൾ നൽകിയത് എഇഒയ്‌ക്കാണെങ്കിൽ നടപടി സ്വീകരിക്കേണ്ടത് എഇഒയ്‌ക്കെതിരെയായിരുന്നുവെന്നും അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും സന്ദാനന്ദൻ മാസ്റ്റർ പറഞ്ഞു.
ടി.ജി. മോഹൻദാസിന്റെ അറസ്റ്റിലും വിമർശനം
ടി.ജി. മോഹൻദാസിന്റെ അറസ്റ്റിലും സർക്കാരിനെതിരെ സന്ദാനന്ദൻ മാസ്റ്റർ വിമർശനം ഉന്നയിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ടി.ജിക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടി.ജി. മോഹൻദാസിനെതിരായ നടപടി നീതിയുക്തവുമല്ലെന്നും ഇരട്ടത്താപ്പും അമിതാവേശവുമുണ്ടെന്നും സദാനന്ദൻ മാസ്റ്റർ പറഞ്ഞു.
‘വന്ദേമാതരം ആലപിക്കില്ലെന്ന പരാമർശം ദേശവിരുദ്ധം’
കേരളത്തിൽ വന്ദേമാതരം ആലപിക്കില്ലെന്ന രാജ്മോഹൻ ഉണ്ണിത്താന്റെ പരാമർശത്തെയും സദാനന്ദൻ മാസ്റ്റർ രൂക്ഷമായി വിമർശിച്ചു. വന്ദേമാതരത്തെ അവഹേളിക്കുന്നതാണ് ഇത്തരം പരാമർശങ്ങളെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെ ചില അദൃശ്യ ശക്തികൾ നിയന്ത്രിക്കുന്നുവെന്നും ചിലരുടെ നിർബന്ധത്തിന് സർക്കാർ വഴങ്ങുകയാണെന്നും സന്ദാനന്ദൻ മാസ്റ്റർ ആരോപിച്ചു. രാഷ്‌ട്രവിരുദ്ധ ശക്തികൾക്ക് സർക്കാർ വിധേയമാകുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വീര സവർക്കറുമായി ബന്ധപ്പെട്ട അധ്യാപകന്റെ സസ്പെൻഷൻ ഉൾപ്പെടെയുള്ള സംഭവങ്ങൾ ആസൂത്രിതമാണെന്നും സി. സന്ദാനന്ദൻ മാസ്റ്റർ മാധ്യമങ്ങളോട് പറഞ്ഞു.















