ഭര്‍ത്താവിനെ കൊലപ്പെടുത്തി റോഡപകടമാക്കാന്‍ പദ്ധതി; ഭാര്യയും കാമുകനും ഒളിവില്‍

Published by
ജനം വെബ്‌ഡെസ്ക്

മഹബൂബാബാദ്: തെലങ്കാനയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി സംഭവം റോഡപകടമായി ചിത്രീകരിക്കാന്‍ പദ്ധതിയിട്ട ഭാര്യയും കാമുകനും കുടുങ്ങി. മഹബൂബാബാദ് സ്വദേശി ഗാഡെ രാജേശ്വര റാവുവിനെ കൊലപ്പെടുത്താനാണ് ഭാര്യ ഭവാനിയും കാമുകന്‍ സൈദുലുവും ചേര്‍ന്ന് പദ്ധതിയിട്ടതെന്നാണ് പരാതി. റാവു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

2016ലാണ് രാജേശ്വര റാവുവും ഭവാനിയും വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്. ഇതിനിടെ ഖമ്മം സ്വദേശിയും കൊറിയര്‍ ഏജന്റുമായ സൈദുലുവുമായി ഭവാനി അടുപ്പത്തിലായതായി പൊലീസ് പറയുന്നു. റാവു വീട്ടിലില്ലാത്ത സമയങ്ങളില്‍ സൈദുലു വീട്ടിലെത്താറുണ്ടായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

ജൂലൈ 27ന് ഭാര്യയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് തന്നെ കൊലപ്പെടുത്താനുള്ള പദ്ധതിയെക്കുറിച്ച് റാവുവിന് വിവരം ലഭിച്ചത്. വീടിനുള്ളില്‍ കൊലപ്പെടുത്തിയാല്‍ സംശയമുണ്ടാകുമെന്നതിനാല്‍ പുറത്തുവെച്ച് കൊലപ്പെടുത്തി റോഡപകടമായി ചിത്രീകരിക്കണമെന്ന തരത്തിലുള്ള ചാറ്റുകള്‍ ഫോണില്‍ കണ്ടെത്തിയതായാണ് റാവുവിന്റെ പരാതി. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് അദ്ദേഹം പൊലീസിനെ സമീപിച്ചത്.

തന്റെയും മക്കളുടെയും ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും റാവു ആവശ്യപ്പെട്ടു. പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ഖമ്മം റൂറല്‍ പൊലീസിന് കൈമാറി. ഭവാനിയും സൈദുലുവും ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും ഇന്‍സ്‌പെക്ടര്‍ എം. രാജു അറിയിച്ചു. റാവു നല്‍കിയ ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികതയും പൊലീസ് പരിശോധിച്ചുവരികയാണ്.

Share