ആശയക്കുഴപ്പത്തിനൊടുവിൽ രാത്രി വൈകി മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പട്ടിക പുറത്ത്; 281 ഉദ്യോഗസ്ഥർക്ക് പുരസ്കാരം, പ്രഖ്യാപനം വൈകിയത് വിവാദത്തിൽ

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി പതിവായി പ്രഖ്യാപിക്കാറുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പട്ടിക ഇക്കുറി പുറത്തിറങ്ങിയത് ഏറെ വൈകി. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ രാത്രി 11 മണി കഴിഞ്ഞാണ് 2026ലെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളുടെ പട്ടിക പുറത്തുവന്നത്. വിവിധ റാങ്കുകളിലായി 281 പൊലീസ് ഉദ്യോഗസ്ഥരാണ് മെഡലിന് അർഹരായത്. വിവിധ സേനകളെ കൂടി കണക്കാക്കുമ്പോൾ 282 പേർക്ക് മെഡൽ പ്രഖ്യാപിച്ചതായും റിപ്പോർട്ടുണ്ട്.

സേനാംഗങ്ങളുടെ സേവനം, സമർപ്പണം, പ്രതിബദ്ധത, മികവ് എന്നിവ പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നൽകുന്നത്. സാധാരണയായി സ്വാതന്ത്ര്യദിനത്തിന്റെ തലേന്നാണ് മെഡൽ പ്രഖ്യാപനം നടക്കാറുള്ളത്. എന്നാൽ ഇത്തവണ പട്ടിക പുറത്തിറങ്ങാൻ വൈകിയത് സേനയിലും സർക്കാർ സംവിധാനത്തിലും ആശങ്കയ്‌ക്ക് ഇടയാക്കി.

പട്ടിക വൈകിയതിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ ആഭ്യന്തര മന്ത്രിയുടെ ഇടപെടലുണ്ടായെന്നും നടപടികൾ ഉടൻ പൂർത്തിയാക്കാൻ നിർദേശം നൽകിയെന്നുമാണ് വിവരം. ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരുടെ നടപടിക്രമങ്ങളിലുണ്ടായ കാലതാമസമാണ് പ്രഖ്യാപനം വൈകാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. പൊലീസ് ആസ്ഥാനത്ത് നിന്ന് മെഡലിന് അർഹരായ ഉദ്യോഗസ്ഥരുടെ പട്ടിക നേരത്തെ തന്നെ കൈമാറിയിരുന്നെങ്കിലും സമയബന്ധിതമായി പരിശോധനയും അന്തിമ തീരുമാനവും പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നാണ് വിവരം.

സംസ്ഥാന പൊലീസ് മേധാവിയുടെയും സംസ്ഥാനതല സ്‌ക്രീനിങ് സമിതിയുടെയും ശുപാർശ പരിഗണിച്ചാണ് മെഡൽ ജേതാക്കളെ തെരഞ്ഞെടുത്തത്. അസി. പൊലീസ് കമ്മീഷണർ, ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ, അസി. സബ് ഇൻസ്പെക്ടർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ, സിവിൽ പൊലീസ് ഓഫീസർ, വനിതാ പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങി വിവിധ റാങ്കുകളിലുള്ളവരാണ് പട്ടികയിലുള്ളത്.

അതേസമയം, കേരളത്തിൽ നിന്ന് ഒമ്പത് പേർ രാഷ്‌ട്രപതിയുടെ പൊലീസ് മെഡലുകൾക്കും അർഹരായി. വിശിഷ്ട സേവനത്തിനുള്ള മെഡൽ എസ്.പി. ശശിധരന് ലഭിച്ചു. സ്വർണക്കൊള്ള, നരബലി തുടങ്ങിയ കേസുകളുടെ അന്വേഷണത്തിൽ നിർണായക പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ് ശശിധരൻ.

ഐ.ജി. രാജ്പാൽ മീണ, എസ്.പി. ബിനു രാമകൃഷ്ണപിള്ള, ഡിവൈ.എസ്.പി. വി.ആർ. രവികുമാർ, എസ്.പി. ജി. ഉജ്ജ്വൽ കുമാർ, ഡിവൈ.എസ്.പി. എസ്.എസ്. സുരേഷ് ബാബു എന്നിവർക്ക് സ്തുത്യർഹ സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ പൊലീസ് മെഡലും ലഭിച്ചു.

ഫയർ സർവീസിൽ നിന്നുള്ള രാജേന്ദ്രൻ നായർ, സെബാസ്റ്റ്യൻ ജോസഫ് എന്നിവർക്കും രാഷ്‌ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചിട്ടുണ്ട്.

ഇതിനിടെ, സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായുള്ള പ്രധാന പുരസ്കാര പ്രഖ്യാപനം തന്നെ അവസാന നിമിഷം വരെ നീണ്ടത് സർക്കാർ സംവിധാനത്തിന്റെ പ്രവർത്തനത്തെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. പതിവ് സമയക്രമം തെറ്റിച്ച് രാത്രി വൈകി പട്ടിക പുറത്തുവന്നത് സേനയ്‌ക്കുള്ളിൽ തന്നെ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് ഒടുവിൽ പുരസ്കാര പ്രഖ്യാപനം യാഥാർഥ്യമായത്.

Share