ന്യൂഡല്‍ഹി: 2036ലെ ഒളിമ്പിക്‌സിന് വേദിയാകാനുള്ള ഇന്ത്യയുടെ ആഗ്രഹവും അതിനായുള്ള തയ്യാറെടുപ്പുകളും വീണ്ടും പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് ഇന്ത്യയുടെ കായിക ഭാവിയെ ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതികള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. 5 മുതല്‍ 15 വയസുവരെയുള്ള കുട്ടികളില്‍ നിന്ന് രാജ്യവ്യാപകമായി കായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള ടാലന്റ് ഹണ്ട് പദ്ധതിയാണ് ഇതില്‍ പ്രധാനപ്പെട്ടത്.
2036ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ അവകാശവാദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഒളിമ്പിക്‌സിലെ വിവിധ ഇനങ്ങളില്‍ ഇന്ത്യയുടെ പങ്കാളിത്തവും പ്രകടനവും കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഒളിമ്പിക്‌സില്‍ 40 കായിക ഇനങ്ങളിലായി 325 മുതല്‍ 350 വരെ മത്സര ഇനങ്ങളുണ്ടെങ്കിലും അവയില്‍ മൂന്നില്‍ രണ്ട് ഇനങ്ങളിലും ഇന്ത്യ നിലവില്‍ പങ്കെടുക്കുകയോ യോഗ്യത നേടുകയോ ചെയ്യുന്നില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അതിനാല്‍ ഇന്ത്യയ്‌ക്ക് ഇതുവരെ ശക്തമായ സാന്നിധ്യമില്ലാത്ത കായിക ഇനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.
ഗ്രാമങ്ങള്‍, നഗരങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും രാജ്യവ്യാപകമായ കായിക പ്രതിഭാ വേട്ട. 5 മുതല്‍ 15 വയസുവരെയുള്ള കുട്ടികളിലെ കഴിവുകള്‍ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ പരിശീലനവും പിന്തുണയും നല്‍കും. ഭാവിയില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിയുന്ന മികച്ച കായികതാരങ്ങളെ വളര്‍ത്തിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കായികരംഗത്ത് ഇന്ത്യയുടെ പ്രകടനം സമീപകാലത്ത് മെച്ചപ്പെട്ടുവരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
ഒളിമ്പിക്‌സ് ഉള്‍പ്പെടെയുള്ള അന്താരാഷ്‌ട്ര വേദികളില്‍ കൂടുതല്‍ മെഡലുകള്‍ നേടുന്നതിനൊപ്പം പുതിയ കായിക ഇനങ്ങളിലേക്കും ഇന്ത്യയുടെ സാന്നിധ്യം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ത്യ വേദിയാകുമെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. അന്താരാഷ്‌ട്ര കായിക മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതിനുള്ള ഇന്ത്യയുടെ ശേഷി ഉയര്‍ത്തിക്കാട്ടുന്ന മറ്റൊരു പ്രധാന അവസരമായിരിക്കും ഇത്.
അതേസമയം, സെപ്റ്റംബറില്‍ ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ താരങ്ങള്‍. ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 13 സ്വര്‍ണമടക്കം 39 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.