ടെല്‍ അവീവ്: ഹിസ്ബുള്ളയുടെ മുതിര്‍ന്ന കമാന്‍ഡര്‍ അബു ഹസന്‍ അലായെ വ്യോമാക്രമണത്തില്‍ വധിച്ചെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്.) അറിയിച്ചു. മേഖലയിലെ ഐ.ഡി.എഫ്. സേനയ്‌ക്കെതിരായ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന പ്രധാന കമാന്‍ഡറായിരുന്നു അലായെന്ന് ദി ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ഹിസ്ബുള്ള സേനയിലെ ബറ്റാലിയന്‍ കമാന്‍ഡര്‍ അലി സമീര്‍ അല്‍-ഹാജ് ഹസനും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
തെക്കന്‍ ലബനനിലെ അന്‍സാര്‍ പ്രദേശത്തുള്ള ഹിസ്ബുള്ളയുടെ സൈനിക ആസ്ഥാനത്തിന് നേരെയായിരുന്നു ആക്രമണം. അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഇസ്രയേലി സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റതിന് പിന്നാലെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ വിശദീകരണം. ആക്രമണത്തില്‍ കൊല്ലപ്പെട്ട അലി സമീര്‍ അല്‍-ഹാജ് ഹസന്റെ കുടുംബാംഗങ്ങള്‍ സമീപത്തുണ്ടായിരുന്നതായി അറിയില്ലായിരുന്നെന്ന് ഇസ്രയേല്‍ സൈന്യവും പ്രധാനമന്ത്രിയുടെ ഓഫീസും അറിയിച്ചു.
സാധാരണക്കാരെ മനുഷ്യകവചമാക്കി സൈനിക കേന്ദ്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിക്കുന്നുവെന്ന് ഇസ്രയേല്‍ ഹിസ്ബുള്ളയ്‌ക്കെതിരെ ആരോപിച്ചു. അതിര്‍ത്തിയിലെ മറ്റ് മേഖലകളിലും ഇസ്രയേല്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഗാസ തീരത്ത് ഹമാസ് ചെറുബോട്ടുകള്‍ ഉപയോഗിച്ച് കടല്‍മാര്‍ഗം ആക്രമണത്തിന് പദ്ധതിയിടുന്നതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ‘അയണ്‍ വാള്‍’ എന്ന പേരില്‍ പുതിയ തീരദേശ പ്രതിരോധ സംവിധാനം ഇസ്രയേല്‍ നാവികസേന ഒരുക്കിയതായും റിപ്പോര്‍ട്ടുണ്ട്.
ഇസ്രയേല്‍-ലബനന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ, ശനിയാഴ്ച തെക്കന്‍ ലബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കം കുറഞ്ഞത് 11 പേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലബനന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.















