ഇടുക്കി: എഴുകുംവയലില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയതിന് പിന്നില്‍ പണം നല്‍കാത്തതിലുള്ള വൈരാഗ്യമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതി അജീഷ് ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളില്‍നിന്ന് വായ്പയെടുത്തിരുന്നതായും തിരിച്ചടവ് മുടങ്ങിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. വരുമാനമാര്‍ഗമില്ലാതിരുന്ന അജീഷ് ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളെയാണ് പണത്തിനായി ആശ്രയിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്.
വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ഇയാള്‍ പിതാവ് ആന്റണിയോടും അമ്മ വത്സമ്മയോടും പലതവണ പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു ഘട്ടത്തിന് ശേഷം മാതാപിതാക്കള്‍ പണം നല്‍കാതിരുന്നത് അജീഷില്‍ കടുത്ത വൈരാഗ്യത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. അജീഷ് ലഹരിക്ക് അടിമയായിരുന്നുവെന്നും നേരത്തെ ലഹരിവിമുക്തി കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.
റിമാന്‍ഡിലുള്ള പ്രതി ഇപ്പോഴും പൂര്‍ണമായി സ്വബോധത്തിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. മാതാപിതാക്കളെ കൊലപ്പെടുത്താനുള്ള തീരുമാനം പ്രതി നേരത്തെ എടുത്തിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി മാസങ്ങള്‍ക്കു മുമ്പ് അജീഷ് വാങ്ങി സൂക്ഷിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി അജീഷിനെ ബുധനാഴ്ച വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ നീക്കം. കൊല്ലപ്പെട്ട ആന്റണിയുടെയും വത്സമ്മയുടെയും സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് നടക്കും.















