കന്യാകുമാരി: കേരളീയരുടെ വസന്തോത്സവമായ ഓണത്തിന് കന്യാകുമാരി ജില്ലയിലെ ചരിത്രപ്രസിദ്ധമായ പത്മനാഭപുരം കൊട്ടാരത്തിലും തുടക്കമായി. അത്തപ്പൂക്കളം, ഓണസദ്യ, വിവിധ കലാ-വിനോദ പരിപാടികൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളോടെയാണ് കൊട്ടാരത്തിൽ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് തുടക്കമായത്.
കേരളീയരുടെ പ്രധാന ആഘോഷമായ ഓണം കേരളത്തിൽ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന മലയാളികളും ജാതിമത ഭേദമന്യേ ആഘോഷിക്കുന്ന ഉത്സവമാണ്. കേരളത്തിൽ സംസ്ഥാന ഉത്സവമായാണ് ഓണം ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായി സർക്കാർ ഓഫീസുകളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
കേരളത്തിലെന്നപോലെ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ പത്മനാഭപുരം കൊട്ടാരത്തിലും 10 ദിവസത്തെ ഓണാഘോഷമാണ് സംഘടിപ്പിക്കുന്നത്. കൊട്ടാരത്തിന്റെ പരിപാലന ചുമതല കേരള പുരാവസ്തു വകുപ്പിനാണ്. ഈ വർഷത്തെ ഓണാഘോഷങ്ങൾ ഇന്ന് രാവിലെയാണ് കൊട്ടാരത്തിൽ ആരംഭിച്ചത്.
കൊട്ടാരം അങ്കണത്തിൽ പ്രത്യേകം സജ്ജീകരിച്ച പവലിയനിൽ വിളക്ക് തെളിയിച്ചാണ് കൊട്ടാരം ഉദ്യോഗസ്ഥൻ ഓണാഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. തുടർന്ന് കൊട്ടാരം ജീവനക്കാർ പരമ്പരാഗത കേരളീയ വസ്ത്രം ധരിച്ച് ആഘോഷങ്ങളിൽ പങ്കെടുത്തു. ഓണത്തിന്റെ പാരമ്പര്യവും കേരളീയ സംസ്കാരത്തിന്റെ തനിമയും പ്രതിഫലിപ്പിക്കുന്ന തരത്തിൽ കൊട്ടാര പരിസരം വർണാഭമായ പൂക്കൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തു.
ആഘോഷങ്ങളുടെ ഭാഗമായി കൊട്ടാരത്തിൽ അത്തപ്പൂക്കളവും ഒരുക്കി. ഓണാഘോഷത്തിന്റെ ഭാഗമായി ജീവനക്കാർക്ക് വിവിധ വിനോദ പരിപാടികളും സംഘടിപ്പിച്ചു. കൊട്ടാരം പരിസരത്ത് ഒരുക്കിയിരുന്ന ഊഞ്ഞാലുകളിൽ ദമ്പതിക ലടക്കം നിരവധിപേർ ആടിതിമർത്ത് ആഘോഷത്തിൽ പങ്കുചേർന്നു. ജീവനക്കാർക്കിടയിൽ വിവിധ കായിക മത്സരങ്ങളും നടന്നു.
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 26 വരെ 10 ദിവസത്തേക്ക് എല്ലാ ദിവസവും വ്യത്യസ്ത രൂപത്തിൽ പൂക്കളം ഒരുക്കും. ഓരോ ദിവസവും വിവിധ രീതിയിലും ആകൃതിയിലും പൂക്കൾ ഉപയോഗിച്ച് അത്തപ്പൂക്കളം ഒരുക്കുന്നതാണ് പ്രത്യേകത.
ഇതിനുപുറമെ ആഘോഷ ദിവസങ്ങളിൽ ഓണസദ്യയും മറ്റ് വിവിധ പരിപാടികളും സംഘടിപ്പിക്കും. ഓണാഘോഷത്തിന് മുന്നോടിയായി പത്മനാഭപുരം കൊട്ടാരത്തിലെ കെട്ടിടങ്ങൾ വർണാഭമായ വിളക്കുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഇതോടെ ചരിത്രപ്രാധാന്യമുള്ള കൊട്ടാരപരിസരം ഓണത്തിന്റെ ആഘോഷനിറത്തിലായി.
കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവുമായി അടുത്ത ബന്ധമുള്ള പത്മനാഭപുരം കൊട്ടാരത്തിൽ ഓണാഘോഷം സംഘടിപ്പിക്കുന്നത് കേരളീയ പൈതൃകത്തിന്റെയും ഓണത്തിന്റെ പാരമ്പര്യത്തിന്റെയും തുടർച്ച കൂടിയാണ്. തമിഴ്നാട്ടിന്റെ ഭാഗമായിരുന്നാലും കേരള പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലുള്ള ഈ ചരിത്രസ്മാരകത്തിൽ കേരളീയ രീതിയിലുള്ള ഓണാഘോഷങ്ങൾ നടക്കുന്നത് ശ്രദ്ധേയമാണ്.















