ഹൈദരാബാദ്: ‘ബൊനാലു’ ആഘോഷിച്ചതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ നേരിട്ട അധിക്ഷേപങ്ങൾക്കെതിരെ വികാരാധീനയായി പ്രതികരിച്ച് തെലുങ്ക് നടി ഫരിയ അബ്ദുള്ള. മുസ്ലീമായ ഫരിയ അബ്ദുള്ള ഹിന്ദു ആഘോഷത്തിൽ പങ്കെടുത്തതിന് പിന്നാലെ കടുത്ത സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്. പിന്നാലെയാണ് നടി വീഡിയോയിലൂടെ മറുപടി നൽകിയത്. സംസാരിക്കുന്നതിനിടെ ഫരിയ കണ്ണീരടക്കാനാകാതെ പൊട്ടിക്കരയുകയും ചെയ്തു.
കഴിഞ്ഞയാഴ്ച ശ്രീ മഹാകാളേശ്വര ക്ഷേത്രത്തിലെ ബൊനാലു ആഘോഷങ്ങളിലാണ് നടി പങ്കെടുത്തത്. ക്ഷേത്രത്തിലെത്തി ദേവിക്ക് പരമ്പരാഗത ബോനം സമർപ്പിക്കുകയും ആഘോഷങ്ങളിൽ നൃത്തം ചെയ്യുകയും ചെയ്ത ഫരിയയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ഇസ്ലാമിസ്റ്റുകളിൽ നിന്നും കടുത്ത സൈബർ ആക്രമണമാണ് നടിക്ക് നേരിടേണ്ടി വന്നത്. ഇതോടെയാണ് തന്റെ വളർച്ചയെയും വിശ്വാസങ്ങളെയും കുറിച്ച് വിശദീകരിച്ച് നടി രംഗത്തെത്തിയത്.
തന്റെ പിതാവ് ഇസ്ലാം മതം ഇഷ്ടപ്പെട്ടാണ് സ്വീകരിച്ചതെന്ന് ഫരിയ പറഞ്ഞു. “ഞാൻ തെറ്റായ വഴിയിലാണെന്നും കാഫിറാണെന്നും കരുതുന്നവർക്കും ഞാൻ നന്മ ആശംസിക്കുന്നു. നിങ്ങളെ ഞാൻ സ്നേഹിക്കുന്നു,” എന്നായിരുന്നു ഫരിയയുടെ വാക്കുകൾ.
തെലങ്കാനയുടെ പരമ്പരാഗത ആഘോഷമായ ബൊനാലിൽ നിരവധി ടോളിവുഡ് താരങ്ങൾ ഇത്തവണ പങ്കെടുത്തിരുന്നു. എന്നാൽ മുസ്ലീമായ ഫരിയയുടെ പങ്കാളിത്തമാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യേക ചർച്ചയായത്. വെറുപ്പിന് മറുപടിയായി സ്നേഹവും ഐക്യവും ഉയർത്തിപ്പിടിച്ച ഫരിയയുടെ പ്രതികരണം ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
ഫരിയ അബ്ദുള്ളയുടെ അടുത്ത ചിത്രം നടൻ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്ന സിഗ്മയാണ്. സന്ദീപ് കിഷനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ഒക്ടോബർ രണ്ടിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.














