കൊച്ചി: സ്വാതന്ത്ര്യദിന ക്വിസ് പരിപാടിയിൽ വീർ സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം ഉൾപ്പെടുത്തിയതിന്റെ പേരിൽ സസ്പെൻഡ് ചെയ്ത അധ്യാപകന്റെ ഹർജി ഹൈക്കോടതി പരിഗണിച്ചു. ചോദ്യപേപ്പർ ഓഗസ്റ്റ് ഒന്നിന് തന്നെ അസിസ്റ്റന്റ് എജുക്കേഷണൽ ഓഫീസർക്ക് (എ.ഇ.ഒ) ഇ-മെയിൽ വഴി അയച്ചിരുന്നുവെന്ന് അധ്യാപകൻ കോടതിയെ അറിയിച്ചു. ഇത് തെളിയിക്കുന്ന ഇ-മെയിലിന്റെ സ്ക്രീൻഷോട്ടും ഹർജിക്കാരൻ കോടതിയിൽ സമർപ്പിച്ചു.
ചോദ്യപേപ്പർ നേരത്തെ തന്നെ എ.ഇ.ഒയ്‌ക്ക് അയച്ചിരുന്നതിനാൽ ചോദ്യത്തെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അറിവുണ്ടായിരുന്നുവെന്നും അധ്യാപകൻ വാദിച്ചു. എന്നാൽ തനിക്കെതിരെ മാത്രമാണ് നടപടിയെടുത്തതെന്നും ഹർജിക്കാരൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
“എ.ഇ.ഒയ്‌ക്ക് ചോദ്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലേ? എങ്കിൽ എ.ഇ.ഒയ്‌ക്കെതിരെ നടപടിയെടുത്തിട്ടില്ലല്ലോ?” എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അതേസമയം, അധ്യാപകനെ സസ്പെൻഡ് ചെയ്തത് ശിക്ഷാ നടപടിയായി കാണാനാകില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.
വീർ സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം ഉൾപ്പെടുത്തിയതുമാത്രമല്ല അധ്യാപകനെതിരായ നടപടിക്ക് കാരണമെന്നും അക്കാദമിക ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ അധ്യാപകന് വീഴ്ചയുണ്ടായെന്നും വിവാദങ്ങൾക്ക് വഴിവെച്ചത് അധ്യാപകന്റെ നടപടിയാണെന്നും സർക്കാർ വാദിച്ചു.
സസ്പെൻഷൻ സ്റ്റേ ചെയ്യണമെന്ന അധ്യാപകന്റെ ആവശ്യം ഹൈക്കോടതി നാളെ പരിഗണിക്കും. ഇടക്കാല ഉത്തരവും നാളെ ഉണ്ടാകുമെന്നാണ് വിവരം. കേസിൽ സർക്കാരിന്റെ വാദങ്ങളും അധ്യാപകൻ സമർപ്പിച്ച രേഖകളും കോടതി പരിശോധിക്കും.















