മുംബൈ: നിര്‍ബന്ധിതവും വഞ്ചനാപരവുമായ മതപരിവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള ‘മഹാരാഷ്‌ട്ര മതസ്വാതന്ത്ര്യ നിയമം 2026’ ഓഗസ്റ്റ് 28 മുതല്‍ പ്രാബല്യത്തില്‍ വരും. ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനപ്രകാരമാണ് പുതിയ നിയമം നിലവില്‍ വരുന്നത്. ഭീഷണിപ്പെടുത്തിയോ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയോ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചോ നടത്തുന്ന മതപരിവര്‍ത്തനങ്ങള്‍ നിയമത്തിന്റെ പരിധിയില്‍ വരും.
ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമങ്ങളുടെ മാതൃക പിന്തുടര്‍ന്നാണ് മഹാരാഷ്‌ട്രയിലും പുതിയ നിയമം കൊണ്ടുവന്നത്. മാര്‍ച്ചില്‍ മഹാരാഷ്‌ട്ര നിയമസഭ പാസാക്കിയ ബില്ലിന് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കിയതോടെയാണ് നിയമനിര്‍മാണ നടപടികള്‍ പൂര്‍ത്തിയായത്. പുതിയ നിയമപ്രകാരം നിയമവിരുദ്ധ മതപരിവര്‍ത്തനം ജാമ്യമില്ലാത്തതും പോലീസിന് നേരിട്ട് കേസെടുക്കാവുന്നതുമായ കുറ്റമായി കണക്കാക്കും. കുറ്റം ആദ്യമായി തെളിഞ്ഞാല്‍ ഏഴ് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ കഠിനതടവ് ലഭിക്കാം.
മതപരിവര്‍ത്തനത്തിന് ഇരയായ വ്യക്തിക്ക് പുറമെ അവരുടെ മാതാപിതാക്കള്‍ക്കും രക്തബന്ധമുള്ള സഹോദരങ്ങള്‍ക്കും പോലീസ് സ്റ്റേഷനില്‍ നേരിട്ട് പരാതി നല്‍കാനും നിയമം അനുമതി നല്‍കുന്നു. സ്വന്തം ഇഷ്ടപ്രകാരം മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ മാറ്റത്തിന് കുറഞ്ഞത് 60 ദിവസം മുമ്പ് ജില്ലാ മജിസ്ട്രേറ്റിനെ അറിയിക്കണം. തുടര്‍ന്ന് നിയമപ്രകാരം ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ‘രക്ഷാബന്ധന്‍ സമ്മാനമാണ്’ നിയമമെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വിശേഷിപ്പിച്ചത്. ബലപ്രയോഗത്തിലൂടെയുള്ള മതപരിവര്‍ത്തനം തടയാന്‍ നിയമം അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ നിലപാട്.















