ശ്രീനഗര്‍: ഇന്ത്യയിലെ യുഎസ് സ്ഥാനപതിയും തെക്ക്-മധ്യ ഏഷ്യന്‍ കാര്യങ്ങള്‍ക്കായുള്ള പ്രത്യേക ദൂതനുമായ സെര്‍ജിയോ ഗോര്‍ നാളെ കാശ്മീര്‍ താഴ്വര സന്ദര്‍ശിക്കും. 2026 ജനുവരിയില്‍ സ്ഥാനപതിയായി ചുമതലയേറ്റ ശേഷമുള്ള ഗോറിന്റെ ജമ്മു കശ്മീരിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീനഗറിലെത്തുന്ന ഗോര്‍ ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. മേഖലയുടെ സുരക്ഷാ സാഹചര്യം, വികസനം, വിനോദസഞ്ചാര സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചകളില്‍ ചര്‍ച്ചയായേക്കും.
അമേരിക്കന്‍ സ്ഥാനപതിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രത്യേക യുഎസ് സംഘം ശ്രീനഗറിലെത്തിയിട്ടുണ്ട്. ഗോറിന്റെ സന്ദര്‍ശനം കണക്കിലെടുത്ത് ജമ്മു കശ്മീര്‍ പോലീസും സുരക്ഷാ സേനകളും മേഖലയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കാശ്മീരിലെ ഔദ്യോഗിക പരിപാടികള്‍ക്ക് ശേഷം വ്യാഴാഴ്ച ഗോര്‍ ലഡാക്കിലേക്ക് പോകുമെന്നാണ് വിവരം.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന സഹകരണം കൂടുതല്‍ ശക്തമാകുന്നതിനിടെയാണ് ഗോറിന്റെ കാശ്മീര്‍ സന്ദര്‍ശനം. ജൂണ്‍ 18ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗോറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ-അമേരിക്ക സുരക്ഷാ സഹകരണം, പ്രത്യേകിച്ച് ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളും മയക്കുമരുന്ന് കടത്ത് തടയലും ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ച.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ഗോര്‍ അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഗോറിന്റെ ആദ്യ കാശ്മീര്‍ സന്ദര്‍ശനം മേഖലയുടെ സുരക്ഷാ, സാമ്പത്തിക, നയതന്ത്ര പ്രാധാന്യം സംബന്ധിച്ച അമേരിക്കന്‍ ഇടപെടലിന്റെ പശ്ചാത്തലത്തിലും ശ്രദ്ധേയമാണ്.















