തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വഴിയിൽ വീണ വഴിയാത്രക്കാരന് സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. വെള്ളയമ്പലം സ്വദേശി ഗിരീഷിനാണ് ഗവർണറുടെ സമയോചിത ഇടപെടലിലൂടെ സഹായം ലഭിച്ചത്. ഗവർണറുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെയാണ് ഗിരീഷിന് തലകറങ്ങി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ഗവർണർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി ഗിരീഷിന്റെ അടുത്തെത്തി. ആരോഗ്യസ്ഥിതി മനസ്സിലാക്കിയ ഗവർണർ അടിയന്തരമായി ആശുപത്രിയിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കാൻ നിർദേശം നൽകി.
ഗിരീഷിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ നേരിട്ട് ഉറപ്പാക്കിയാണ് ഗവർണർ യാത്ര തുടർന്നത്.














