പത്തനംതിട്ട: മുല്ലപ്പെരിയാർ ഡാം തർക്കം ഉൾപ്പെടെയുള്ള അന്തർസംസ്ഥാന നദീജല തർക്കങ്ങളിൽ സുപ്രീംകോടതിയിലെ കേരളത്തിന്റെ നിയമപോരാട്ടം ശക്തമാക്കാൻ സ്പെഷ്യൽ കോൺസലിനെ നിയോഗിച്ച് സംസ്ഥാന സർക്കാർ. അഭിഭാഷകൻ റോയ് എബ്രഹാമിനെയാണ് കേരളത്തിന്റെ സ്പെഷ്യൽ കോൺസലായി നിയമിച്ചത്.
കേരളവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയും വിവിധ ട്രിബ്യൂണലുകളും പരിഗണിക്കുന്ന അന്തർസംസ്ഥാന നദീജല തർക്ക കേസുകളിൽ റോയ് എബ്രഹാം സംസ്ഥാനത്തിനായി ഹാജരാകും. സീനിയർ അഭിഭാഷകൻ മോഹൻ കതാർക്കിക്കൊപ്പം റോയ് എബ്രഹാം കേസുകളിൽ ഹാജരാകുമെന്നാണ് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നത്.
1992 മുതൽ സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് റോയ് എബ്രഹാം. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിയാണ്. അന്തർസംസ്ഥാന നദീജല തർക്കങ്ങളുമായി ബന്ധപ്പെട്ട നിയമവിഷയങ്ങളിൽ അദ്ദേഹത്തിന്റെ പരിചയം കണക്കിലെടുത്താണ് പുതിയ ചുമതല നൽകുന്നതെന്നാണ് വിവരം.
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള അന്തർസംസ്ഥാന നദീജല തർക്ക കേസുകളിൽ കേരളത്തിനായി ഹാജരാകാൻ അഭിഭാഷകൻ ജി. പ്രകാശിനെ നിയമിച്ചിരുന്നു. സംസ്ഥാനത്തിന്റെ മുൻ സ്റ്റാൻഡിങ് കൗൺസൽ കൂടിയായിരുന്നു ജി. പ്രകാശ്. ലാവലിൻ ഉൾപ്പെടെയുള്ള കേസുകളിലും സംസ്ഥാന സർക്കാരിനായി അദ്ദേഹം ഹാജരായിട്ടുണ്ട്.
അതേസമയം, റോയ് എബ്രഹാമിനെ സ്പെഷ്യൽ കോൺസലായി നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിൽ ജി. പ്രകാശിനെ സ്ഥാനത്തുനിന്ന് മാറ്റിയതായി വ്യക്തമായി പറയുന്നില്ല. എന്നാൽ പുതിയ നിയമനം പകരം നിയമനമായിരിക്കാമെന്ന സൂചനയാണ് ലഭിക്കുന്നത്.
മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള ദീർഘകാലമായി തുടരുന്ന അന്തർസംസ്ഥാന നദീജല തർക്കങ്ങൾ സുപ്രീംകോടതിയിലും വിവിധ നിയമവേദികളിലും നിർണായക ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതിനിടെയാണ് കേരളം പുതിയ നിയമ പ്രതിനിധിയെ നിയോഗിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ ശക്തമായി അവതരിപ്പിക്കുന്നതിനാണ് പുതിയ നിയമസംവിധാനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.














