തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അധിക്ഷേപവും അവഹേളനവും ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം ഡിജിപിക്ക് പരാതി നൽകി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിർദ്ദേശപ്രകാരം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് പൊലീസ് ആസ്ഥാനത്തെത്തി ഡിജിപിക്ക് പരാതി കൈമാറി.
പ്രധാനമന്ത്രിയെ അവഹേളിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റുകളുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം വേഗത്തിലാക്കണമെന്നാണ് ബിജെപിയുടെ പ്രധാന ആവശ്യം. നിലവിൽ കേസ് രജിസ്റ്റർ ചെയ്യാത്ത സംഭവങ്ങളിൽ ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപകരമായ പ്രചാരണങ്ങൾക്കെതിരെ പരാതി നൽകിയിട്ടും നടപടികൾ വൈകുന്ന സാഹചര്യത്തിലാണ് ബിജെപി പൊലീസ് ആസ്ഥാനത്തെത്തി നേരിട്ട് പരാതി നൽകിയത്. സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന ഇത്തരം അധിക്ഷേപങ്ങളിൽ നിയമപരമായ നടപടി ഉറപ്പാക്കണമെന്നും കുറ്റക്കാർക്കെതിരെ അന്വേഷണം വേഗത്തിലാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
പരാതി നൽകുന്നതിനായി അഡ്വ. എസ്. സുരേഷിനൊപ്പം ബിജെപി സംസ്ഥാന സെക്രട്ടറിമാരായ ജെ.ആർ. പത്മകുമാർ, പൂന്തുറ ശ്രീകുമാർ, സംസ്ഥാന സോഷ്യൽ മീഡിയ കൺവീനർ അഭിജിത് ആർ. നായർ എന്നിവരും പൊലീസ് ആസ്ഥാനത്ത് എത്തിയിരുന്നു.















