കോട്ടയം: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ ബിജെപി മേഖലാ സംവിധാനത്തിൽ പുനഃസംഘടന നടത്തി. ബിജെപി സംസ്ഥാന ഉപാധ്യക്ഷനും കോർ കമ്മിറ്റി അംഗവുമായ അഡ്വ. ഷോൺ ജോർജിനെ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന മധ്യമേഖലയുടെ പ്രഭാരിയായി നിയമിച്ചു.കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളുടെ മേഖലാ പ്രഭാരിയായി സംസ്ഥാന സെൽ കോഓർഡിനേറ്റർ അഡ്വ. വി.കെ. സജീവനെ നിയമിച്ചു.
കോഴിക്കോട്, മലപ്പുറം ജില്ലകളുടെ ചുമതല സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണനും തൃശ്ശൂർ, പാലക്കാട് ജില്ലകളുടെ ചുമതല സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. അനീഷിനുമാണ്.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയെ ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ മേഖലാ പ്രഭാരിയായും സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമനെ തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ മേഖലാ പ്രഭാരിയായും നിശ്ചയിച്ചു.
സംസ്ഥാനത്തെ സംഘടനാ പ്രവർത്തനങ്ങളുടെ വ്യാപ്തിയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിന്റെ ഭാഗമായി നേരത്തെയുണ്ടായിരുന്ന അഞ്ച് മേഖലകൾ ആറായി ഉയർത്തിയാണ് പുതിയ ക്രമീകരണം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് ബൂത്ത് തലം മുതൽ മേഖലാതലം വരെയുള്ള സംഘടനാ സംവിധാനത്തെ കൂടുതൽ സജീവമാക്കാനും പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താനുമാണ് ബിജെപി ലക്ഷ്യമിടുന്നത്.
ജനകീയ വിഷയങ്ങളിൽ കൂടുതൽ ശക്തമായ ഇടപെടലുകൾ നടത്തുന്നതിനും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സംഘടനയെ സജ്ജമാക്കുന്നതിനും മേഖലാ പ്രഭാരിമാരുടെ പ്രവർത്തനം നിർണായകമാകും.
മേഖലകളുടെ എണ്ണം ആറാക്കി സംഘടനാ സംവിധാനത്തിൽ വരുത്തിയ മാറ്റത്തിലൂടെ കേരളത്തിലെ ഓരോ ജില്ലയിലും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കാനും തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ശക്തമാക്കാനുമാണ് ബിജെപി നേതൃത്വം ലക്ഷ്യമിടുന്നത്.















