ന്യൂഡൽഹി: ഇന്ത്യയിൽ ചെറുപ്പക്കാരെ വലയിലാക്കി ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച പാകിസ്താൻ സ്വദേശിയായ ഷെഹ്സാദ് ഭട്ടിക്കെതിരെ സുരക്ഷാ ഏജൻസികളുടെ അന്വേഷണം ശക്തമാകുന്നു. പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ നിർദേശപ്രകാരം പ്രവർത്തിക്കുന്ന ഭട്ടി, പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ യുവാക്കളെ ഉപയോഗിച്ച് ഗ്രനേഡ് ആക്രമണങ്ങൾ ഉൾപ്പെടെയുള്ള അക്രമപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതായാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
വിദേശത്തിരുന്ന് സമൂഹമാധ്യമങ്ങളിലൂടെയാണ് ഭട്ടി യുവാക്കളെ സമീപിച്ചിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. വിദേശ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്യുന്നതിനൊപ്പം വൻതുക പ്രതിഫലവും നൽകിയാണ് യുവാക്കളെ ആക്രമണങ്ങൾക്ക് ഉപയോഗിച്ചത്.
ഗുർദാസ്പൂരിൽ ഗ്രനേഡ് ആക്രമണത്തിന് യുവാവിനെ നിയോഗിച്ചു
2025 നവംബർ 21ന് പഞ്ചാബിലെ ഗുർദാസ്പൂരിൽ 19കാരനായ വികാസ് പ്രജാപതിക്ക് ഗ്രനേഡുകൾ കൈമാറിയത് ഭട്ടി സംഘമാണെന്നാണ് പൊലീസ് കണ്ടെത്തിയത്. ദേശീയപാതയിൽ കാത്തുനിന്ന പ്രജാപതിക്ക് കാറിലെത്തിയ സംഘം കറുത്ത പോളിത്തീൻ കവറിൽ ഗ്രനേഡുകൾ കൈമാറി.
ഗുർദാസ്പൂരിലെ ഒരു പൊലീസ് സ്റ്റേഷന് നേരെ ഗ്രനേഡ് എറിയുകയായിരുന്നു ദൗത്യം. ആക്രമണത്തിനായി മോട്ടോർസൈക്കിളും സജ്ജമാക്കിയിരുന്നു. എന്നാൽ അവസാന നിമിഷം ഒപ്പമുണ്ടാകേണ്ടിയിരുന്നയാൾ പിന്മാറിയതോടെ പദ്ധതി പൊളിഞ്ഞു. തുടർന്ന് ഡൽഹിയിലേക്ക് മടങ്ങാൻ നിർദേശം ലഭിച്ച പ്രജാപതിയെ അതേ മാസം ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു.
തുടർന്ന് ഭട്ടി മറ്റൊരു സംഘം യുവാക്കളെ ഉപയോഗിച്ച് നവംബർ 25ന് ആക്രമണം നടത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
14 സംസ്ഥാനങ്ങളിൽ വ്യാപിച്ച ശൃംഖല
ഭട്ടിയുടെ ശൃംഖലയുടെ വ്യാപ്തി വ്യക്തമാക്കുന്നതായിരുന്നു ഓഗസ്റ്റ് 12ന് വിവിധ സംസ്ഥാനങ്ങളിലായി നടന്ന വ്യാപക പരിശോധന. 14 സംസ്ഥാനങ്ങളിൽ നിന്നായി 253 പേരെയാണ് സുരക്ഷാ ഏജൻസികൾ കസ്റ്റഡിയിലെടുത്തത്.
ഉത്തർപ്രദേശിൽ 62, ഹരിയാനയിൽ 52, ഡൽഹിയിൽ 51, പഞ്ചാബിൽ 44, രാജസ്ഥാനിൽ 15, മഹാരാഷ്‌ട്രയിൽ എട്ട്, ഉത്തരാഖണ്ഡിൽ അഞ്ച് എന്നിങ്ങനെയാണ് കസ്റ്റഡിയിലെടുത്തവരുടെ എണ്ണം. കർണാടക, ഗുജറാത്ത്, ബിഹാർ എന്നിവിടങ്ങളിൽ മൂന്ന് വീതവും തെലങ്കാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, കേരളം എന്നിവിടങ്ങളിൽ രണ്ട് വീതവും പേരെ കസ്റ്റഡിയിലെടുത്തു.
പൊലീസ്, സുരക്ഷാ സ്ഥാപനങ്ങൾ, യൂണിഫോം ധരിച്ച ഉദ്യോഗസ്ഥർ എന്നിവരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്കായി ഭട്ടി യുവാക്കളെ ഉപയോഗിച്ചുവെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.
യൂട്യൂബറുടെ വീടിന് നേരെയും ഗ്രനേഡ് ആക്രമണം
2025 മാർച്ചിൽ ജലന്ധർ റൂറലിലെ റായ്പൂർ റസൂൽപൂർ ഗ്രാമത്തിലെ യൂട്യൂബർ നവ്ദീപ് സിങ് അഥവാ റോജർ സന്ധുവിന്റെ വീടിന് നേരെയുണ്ടായ ഗ്രനേഡ് ആക്രമണവും ഭട്ടി ശൃംഖലയുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്.
വീടിന്റെ ബാൽക്കണിയിൽ ലോഹവസ്തു കണ്ടെത്തിയതിനെ തുടർന്ന് സന്ധു പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സമൂഹമാധ്യമത്തിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭട്ടി സംഘം രംഗത്തെത്തിയിരുന്നു.
കേസിൽ ഹരിയാനയിലെ യമുനാനഗറിൽ നിന്നുള്ള ഹാർദിക് കാംബോജ് ഉൾപ്പെടെ ഒമ്പത് പേരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. കാംബോജും അമൃത്പ്രീത് സിങ്ങും ചേർന്നാണ് ഗ്രനേഡ് എറിഞ്ഞതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കാംബോജിന് ഗ്രനേഡ് കൈകാര്യം ചെയ്യുന്നതിൽ പരിശീലനം ലഭിച്ചത് സൈന്യത്തിലെ ഒരു ഉദ്യോഗസ്ഥനായ സുഖ്‌ചരൺ സിങ്ങിൽ നിന്നാണെന്നും പൊലീസ് കുറ്റപത്രത്തിൽ ആരോപിക്കുന്നു. ജമ്മു കശ്മീരിലെ രജൗരിയിൽ ഔദ്യോഗിക ചുമതലയിൽ കഴിയുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്.
15 കേസുകൾ; പാകിസ്താനിലും ഭട്ടി അന്വേഷിക്കപ്പെടുന്നു
പാകിസ്താനിലെ ബഹാവൽനഗർ സ്വദേശിയായ ഭട്ടിക്കെതിരെ പഞ്ചാബിൽ മാത്രം കുറഞ്ഞത് 15 കേസുകൾ നിലവിലുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. അതിർത്തി ജില്ലകളിലെ പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള കൊലപാതക കേസുകളും ഇതിൽ ഉൾപ്പെടുന്നു.
2015ഓടെ പാകിസ്താനിൽനിന്ന് യുഎഇയിലേക്ക് കടന്ന ഭട്ടി പിന്നീട് പോർച്ചുഗൽ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ താമസിച്ചതായും ഇപ്പോൾ ബ്രസീലിലാണെന്നുമാണ് ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്ക് ലഭിച്ച വിവരം.
വിദേശത്ത് ഇരുന്ന് സമൂഹമാധ്യമങ്ങളിലൂടെ യുവാക്കളെ കണ്ടെത്തി പണം, വിസ തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി ചെറിയ ആക്രമണങ്ങൾക്ക് നിയോഗിക്കുന്നതാണ് ഭട്ടിയുടെ രീതിയെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ. വലിയൊരു ഭീകരാക്രമണത്തിനായി ആളുകളെ പരിശീലിപ്പിക്കുന്നതിനുപകരം രാജ്യത്തെ നിയമ-സുരക്ഷാ സംവിധാനങ്ങളെ നിരന്തരം വെല്ലുവിളിക്കുന്ന തരത്തിലുള്ള ആക്രമണങ്ങളാണ് ശൃംഖല ലക്ഷ്യമിടുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.















