തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ ഏരീസ് കൊല്ലം സെയിലേഴ്സിന് 11 റണ്‍സിന്റെ വിജയം. ഇതോടെ ട്രിവാന്‍ഡ്രം റോയല്‍സിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയായി. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് നേടി. മറുപടിയില്‍ ട്രിവാന്‍ഡ്രം റോയല്‍സിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് മാത്രമാണ് നേടാനായത്. അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ അരുണ്‍ പൗലോസ് പ്ലെയര്‍ ഓഫ് ദി മാച്ചായി.
കൊല്ലത്തിന്റെ കൂറ്റന്‍ സ്‌കോറിന് അടിത്തറയിട്ടത് അരുണ്‍ പൗലോസിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ്. വെറും 26 പന്തില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ അരുണ്‍ 32 പന്തില്‍ 62 റണ്‍സ് നേടി. ആറ് ഫോറും അഞ്ച് സിക്സും ഉള്‍പ്പെട്ടതായിരുന്നു ഇന്നിങ്സ്. അരുണിന്റെ ആക്രമണ ബാറ്റിങ്ങിന്റെ മികവില്‍ കൊല്ലം 10.1 ഓവറില്‍ 100 റണ്‍സ് പിന്നിട്ടു. നായകന്‍ വത്സല്‍ ഗോവിന്ദ് 43 റണ്‍സും ആനന്ദ് കൃഷ്ണന്‍ 35 റണ്‍സും നേടി. അവസാന ഓവറുകളില്‍ അജിനാസ് 16 റണ്‍സും അര്‍ജുന്‍ വേണുഗോപാല്‍ 17 റണ്‍സും നേടി സ്‌കോര്‍ 200 കടത്തി.
റോയല്‍സിനായി രാഹുല്‍ ചന്ദ്രനും എം. നിഖിലും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. 46 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടിലൂടെ അഭിഷേക് പി. നായരും കൃഷ്ണപ്രസാദും റോയല്‍സിന് മികച്ച തുടക്കം നല്‍കി. അഭിഷേക് 25 റണ്‍സെടുത്ത് പുറത്തായതിന് പിന്നാലെ കൃഷ്ണപ്രസാദും വിഷ്ണു വിനോദും ചേര്‍ന്ന് 48 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വിഷ്ണു വിനോദ് 26 റണ്‍സെടുത്തു. തുടര്‍ന്ന് കൃഷ്ണപ്രസാദും ഗോവിന്ദ് ദേവ് പൈയും ചേര്‍ന്ന കൂട്ടുകെട്ട് റോയല്‍സിന് പ്രതീക്ഷ നല്‍കിയെങ്കിലും ഇരുവരും അടുത്തടുത്ത ഓവറുകളില്‍ പുറത്തായി.
കൃഷ്ണപ്രസാദ് 53 റണ്‍സും ഗോവിന്ദ് പൈ 32 റണ്‍സും നേടി. കൊല്ലത്തിന്റെ ബൗളിങ്ങില്‍ കെ.ജി. അഖില്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഒടുവില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സില്‍ റോയല്‍സിന്റെ ഇന്നിങ്സ് അവസാനിച്ചു.















