തിരുവനന്തപുരം: തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഓണാഘോഷത്തിന്റെ അവസാന ഒരുക്കങ്ങളിലാണ് കേരളം. അവസാന വട്ട ഒരുക്കങ്ങൾക്കായി നാട്ടിൻപുറങ്ങളും നഗരങ്ങളും ഉത്രാടപ്പാച്ചിലാണ് തിരുവോണത്തിനുള്ള പൂക്കളും പച്ചക്കറികളും പലവ്യഞ്ജനങ്ങളും വസ്ത്രങ്ങളുമെല്ലാം വാങ്ങാൻ വിപണികളിൽ വലിയ തിരക്കാണ്.
ഓണക്കോടിയും പൂക്കളും സദ്യയ്‌ക്കുള്ള കൂട്ടങ്ങളും ഉൾപ്പെടെ അവശ്യസാധനങ്ങൾ വാങ്ങാൻ കുടുംബങ്ങൾ കൂട്ടത്തോടെ വിപണിയിലെത്തുകയാണ്. പച്ചക്കറി, പലവ്യഞ്ജന വിപണികളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഓണസദ്യയ്‌ക്കുള്ള വിഭവങ്ങൾ ഒരുക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് വീട്ടമ്മമാരും.
നഗരങ്ങളിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളിലും വഴിയോര വിപണികളിലും രാവിലെ മുതൽ തിരക്ക് വർധിച്ചു. ഉത്രാടദിനത്തിൽ സാധനങ്ങൾ വാങ്ങി നാളെ കുടുംബത്തോടൊപ്പം ഗംഭീരമായി തിരുവോണം ആഘോഷിക്കാനുള്ള ആവേശത്തിലാണ് മലയാളികൾ.
ഓണവിപണിയെ സജീവമാക്കി വസ്ത്രശാലകളിലും ഇലക്ട്രോണിക്സ് കടകളിലും ഹോട്ടലുകളിലും അർധരാത്രിവരെ തുറന്നു പ്രവർത്തിക്കുന്നുണ്ട്. നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും ഓണാഘോഷ പരിപാടികളും സജീവമാണ്. വിവിധ തദ്ദേശ സ്ഥാപനങ്ങളുടെയും സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിൽ പൂക്കളമത്സരം, ഓണപ്പാട്ട്, തിരുവാതിര, നാടൻ കലാപരിപാടികൾ, ഓണക്കളികൾ തുടങ്ങിയവ പൊടിപൊടിക്കുകയാണ്. കുടുംബസംഗമങ്ങളും വിവിധ മത്സരങ്ങളും ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകരുന്നുണ്ട്. നഗരങ്ങളിൽ സംഗീത-കലാപരിപാടികൾക്കും വേദികൾ ഒരുങ്ങിയിട്ടുണ്ട്. മഴസാധ്യതയുണ്ടെങ്കിലും ഓണാഘോഷത്തിന്റെ ആവേശത്തിന് കുറവില്ല. കുടുംബങ്ങളും സുഹൃത്തുക്കളും കൂട്ടായെത്തി ആഘോഷങ്ങളിൽ പങ്കുചേരുകയാണ്.
ഐതിഹ്യപ്രകാരം മഹാബലി കേരളത്തിലെത്തുന്ന ദിവസമാണ് തിരുവോണം. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ ഓണം ജാതിമതഭേദമന്യേ മലയാളികൾ ഒരുമിച്ച് ആഘോഷിക്കുന്നു. തിരുവോണത്തിന് മുന്നോടിയായുള്ള ഉത്രാടദിനത്തിന് അതുകൊണ്ടുതന്നെ മലയാളികളുടെ മനസിൽ പ്രത്യേക സ്ഥാനമുള്ള ദിനമാണ്.















