കോഴിക്കോട്: പൊലീസ് സബ് ഇൻസ്പെക്ടറുടെ വേഷമണിഞ്ഞ് ലഹരിക്കടത്തുകാരെ ഭീഷണിപ്പെടുത്തി എംഡിഎംഎ അടക്കമുള്ള ലഹരിവസ്തുക്കൾ പിടിച്ചെടുത്ത ശേഷം മറിച്ചുവിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ. കോഴിക്കോട് ഫറോക്ക് ചുങ്കം കള്ളിത്തൊടി സ്വദേശി റോജിത്തിനെയാണ് പൊലീസ് പിടികൂടിയത്.
ഡാൻസാഫ് എസ്‌ഐ ആണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു റോജിത്തിന്റെ തട്ടിപ്പ്. ഇയാളിൽ നിന്ന് എംഡിഎംഎ, എയർ പിസ്റ്റൾ, ഹാൻഡ് കഫ്, എസ്‌ഐയുടെ വ്യാജ ഐഡി കാർഡ്, പൊലീസ് യൂണിഫോം ധരിച്ചുള്ള ഫോട്ടോ എന്നിവ പൊലീസ് കണ്ടെടുത്തു.
ലഹരിവസ്തുക്കൾ വിൽക്കുന്നവരെ സമീപിച്ച് താൻ ഡാൻസാഫ് എസ്‌ഐ ആണെന്ന് പരിചയപ്പെടുത്തുകയായിരുന്നു ഇയാളുടെ രീതിയെന്നാണ് പൊലീസ് കണ്ടെത്തിയത്. തുടർന്ന് ഇവരിൽ നിന്ന് എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരിവസ്തുക്കൾ പിടിച്ചെടുക്കും. എന്നാൽ നിയമനടപടിക്ക് കൈമാറുന്നതിന് പകരം ഇവ വീണ്ടും മറ്റുള്ളവർക്ക് വിൽക്കുകയായിരുന്നു. നിരവധി പേരിൽ നിന്ന് പണം തട്ടിയതായും പൊലീസിന് പരാതികൾ ലഭിച്ചിട്ടുണ്ട്.
സംഭവത്തിൽ അന്വേഷണം തുടരുകയാണ്. വ്യാജ പൊലീസ് വേഷവും ആയുധസമാനമായ ഉപകരണങ്ങളും ഉപയോഗിച്ച് ലഹരിക്കടത്തുകാരെ ലക്ഷ്യമിട്ടുള്ള തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷണത്തിൽ പുറത്തുവരുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
മദ്യം, മയക്കുമരുന്ന്, പുകയില ഉൽപ്പന്നങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളോ പരാതികളോ സംസ്ഥാനതല കൺട്രോൾ റൂം നമ്പറായ 9447178000ലോ ജില്ലാ ടോൾ ഫ്രീ നമ്പറായ 155358ലോ അറിയിക്കാം. പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു അറിയിച്ചു.















