മുംബൈ: സീനിയര്‍ താരം രോഹിത് ശര്‍മ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ. രോഹിത്തിന്റെ കാര്യത്തില്‍ ബോര്‍ഡിന്റെ നിലപാടില്‍ മാറ്റമൊന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രോഹിത്തിന്റെ പ്രകടനത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ഉയരുന്ന അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും സൈകിയ പറഞ്ഞു. രോഹിത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിന് രൂക്ഷമായാണ് ബിസിസിഐ സെക്രട്ടറി പ്രതികരിച്ചത്. ”അദ്ദേഹം എല്ലാ മത്സരങ്ങളിലും മികച്ച രീതിയിലാണ് കളിക്കുന്നത്. പിന്നെ നിങ്ങള്‍ക്ക് എന്താണ് വേണ്ടത്? ഏറ്റവും ഒടുവില്‍ കളിച്ച മത്സരത്തില്‍ അദ്ദേഹം 138 റണ്‍സ് നേടിയിട്ടുണ്ട്. ഇത്തരം വ്യാജവാര്‍ത്തകള്‍ക്ക് ആഹാരം നല്‍കരുത്,” എന്നായിരുന്നു സൈകിയയുടെ പ്രതികരണം.
2027ലെ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് സെലക്ടര്‍മാര്‍ പുതിയ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാന്‍ ആലോചിക്കുന്നുവെന്നും 39കാരനായ രോഹിത് ബോര്‍ഡിന്റെ ഭാവി പദ്ധതികളുടെ ഭാഗമല്ലെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബിസിസിഐ സെക്രട്ടറിയുടെ പ്രതികരണം. ഇന്ത്യന്‍ ഏകദിന ടീമില്‍ രോഹിത് ഇപ്പോഴും പ്രധാന താരമാണെന്നാണ് ബിസിസിഐ വ്യക്തമാക്കുന്നത്. ടീമിന്റെ പദ്ധതികളുടെ ഭാഗമായിരിക്കുന്നിടത്തോളം കാലം രാജ്യത്തിനായി കളിക്കുന്നത് തുടരുമെന്നും ബോര്‍ഡ് നിലപാട് വ്യക്തമാക്കിയതായി സൈകിയയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നു. മുംബൈയില്‍ നടന്ന ബിസിസിഐ യോഗത്തിന് പിന്നാലെയാണ് സൈകിയ മാധ്യമങ്ങളെ കണ്ടത്.
പരിശീലകന്‍ ഗൗതം ഗംഭീര്‍, ഏകദിന ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, ടി20 ടീമിനെ പ്രതിനിധീകരിച്ച് സൂര്യകുമാര്‍ യാദവ്, ബിസിസിഐ പ്രസിഡന്റ് മിഥുന്‍ മന്‍ഹാസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഒക്ടോബറില്‍ കാലാവധി അവസാനിക്കാനിരിക്കുന്ന ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ യോഗത്തില്‍ പങ്കെടുത്തില്ല. രോഹിത്തിന്റെ കാര്യത്തില്‍ അഗാര്‍ക്കറും ബോര്‍ഡും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. ടി20 ക്രിക്കറ്റില്‍ നിന്നും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച രോഹിത് ശര്‍മ ഏകദിനത്തില്‍ തുടര്‍ന്നും സജീവമായി തുടരാന്‍ ആഗ്രഹിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിനായി താരം കഠിന പരിശീലനവും നടത്തുന്നുണ്ട്.















