കൊച്ചി: ‘മായ വിട്ടുണരൂ, മാനവനായി വളരൂ’ എന്ന സന്ദേശവുമായി ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് ബാലഗോകുലം ഒരുങ്ങി. ജന്മാഷ്ടമി ദിനമായ ഇന്ന് സംസ്ഥാനത്തുടനീളം 10,000 ശോഭായാത്രകൾ സംഘടിപ്പിക്കും. വിവിധ ശോഭായാത്രകളിലായി രണ്ട് ലക്ഷത്തോളം കൃഷ്ണവേഷധാരികൾ ഉൾപ്പെടെ അഞ്ച് ലക്ഷത്തിലധികം കുട്ടികൾ പങ്കെടുക്കുമെന്ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ കെ.എൻ. സജികുമാറും പൊതുകാര്യദർശി ബി.എസ്. ബിജുവും അറിയിച്ചു.
ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും. ആലുവയിലെ പരിപാടിയിൽ ബാലഗോകുലം മാർഗദർശി എം.എ. കൃഷ്ണനും തിരുവനന്തപുരം മഹാനഗരത്തിലെ പരിപാടിയിൽ സംസ്ഥാന അധ്യക്ഷൻ കെ.എൻ. സജികുമാറും പങ്കെടുക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ശോഭായാത്രകളിലും അനുബന്ധ പരിപാടികളിലും സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. കോഴിക്കോട് മഹാനഗരത്തിൽ നടൻ സന്തോഷ് പണ്ഡിറ്റ്, ദേവഗിരി കോളജ് മുൻ പ്രിൻസിപ്പൽ ജോസ് ജോൺ മല്ലികശ്ശേരി, സ്റ്റാർ സിംഗർ ഫെയിം അർച്ചന പ്രേമൻ എന്നിവർ പങ്കെടുക്കും.
കോട്ടയം സെൻട്രൽ ജങ്ഷനിലെ ശോഭായാത്രാ സംഗമം നടി ശ്രുതി ബാല ഉദ്ഘാടനം ചെയ്യും. ദക്ഷിണ കേരളം അധ്യക്ഷൻ ഡോ. എൻ. ഉണ്ണികൃഷ്ണൻ പങ്കെടുക്കും. സമിതി അംഗം പി. ശ്രീകുമാർ സന്ദേശം നൽകും.
കൊച്ചി മഹാനഗരത്തിൽ സംസ്ഥാന ഉപാധ്യക്ഷൻ എം. സത്യൻ മാസ്റ്ററും പാലക്കാട് നഗരത്തിൽ ഉത്തരകേരളം സംസ്ഥാന അധ്യക്ഷൻ യു. പ്രഭാകരനും പങ്കെടുക്കും. മഞ്ചേരിയിൽ മിസിസ് കേരള ഗ്ലോബൽ അവാർഡ് ജേതാവ് ഡോ. സരിത രവീന്ദ്രനാഥും കണ്ണൂരിൽ സംസ്ഥാന സംഘടനാ കാര്യദർശി എസ്.ആർ. കണ്ണനും പങ്കെടുക്കും.
പത്തനംതിട്ടയിൽ സംസ്ഥാന ഖജാൻജി പി. അനിൽകുമാർ, ആലുവയിൽ സംസ്ഥാന സഹഖജാൻജി എം.ആർ. പ്രമോദ്, ബാലസംസ്കാര കേന്ദ്രം ചെയർമാൻ പി.കെ. വിജയരാഘവൻ എന്നിവരും പരിപാടികളിൽ പങ്കെടുക്കും. കോഴിക്കോട് ഗ്രാമത്തിൽ സംസ്ഥാന ഭഗിനി പ്രമുഖ് പി. സ്മിത വത്സലൻ, തൃശൂരിൽ സമിതി അംഗം കെ.പി. ബാബുരാജൻ മാസ്റ്റർ, കൊടകരയിൽ സമിതി അംഗം സി. അജിത്ത്, ആറ്റിങ്ങലിൽ ദക്ഷിണ കേരളം പൊതുകാര്യദർശി ആർ.പി. രാമനാഥൻ എന്നിവർ പങ്കെടുക്കും.
കാസർകോട് മധൂരിൽ ഉത്തരകേരളം കാര്യദർശി പ്രജിത്ത് എൻ.വിയും മഞ്ചേരി നഗരത്തിൽ ഉത്തരകേരളം കാര്യദർശി ടി. പ്രവീണും പരിപാടികളിൽ പങ്കെടുക്കും.
ശ്രീകൃഷ്ണന്റെ ബാലലീലകളും ജീവിതമൂല്യങ്ങളും കുട്ടികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുന്നതിനൊപ്പം കുടുംബബന്ധങ്ങളും സാമൂഹിക ഐക്യവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ബാലഗോകുലം ഭാരവാഹികൾ അറിയിച്ചു.















