ദുബായ്: ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരത്തിലെ ഹസ്തദാന വിവാദം വനിതാ ഏഷ്യാ കപ്പിലും ആവര്‍ത്തിച്ചു. ടോസിനിടയിലും ടോസിന് ശേഷവും ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും പാകിസ്താന്‍ ക്യാപ്റ്റന്‍ ഫാത്തിമ സനയും പരസ്പരം കൈകൊടുത്തില്ല. ടോസ് നേടിയ ഫാത്തിമ സന ബാറ്റിങ് തിരഞ്ഞെടുക്കുന്നതായി അറിയിച്ച് മടങ്ങിയതിന് പിന്നാലെ ഹര്‍മന്‍പ്രീത് കൗറും സംസാരിച്ചു. എന്നാല്‍ ഇരുവരും തമ്മില്‍ ഹസ്തദാനം ഉണ്ടായില്ല.
സമീപകാലത്ത് ഇന്ത്യയും പാകിസ്താനും ക്രിക്കറ്റില്‍ ഏറ്റുമുട്ടിയപ്പോഴെല്ലാം സമാന നിലപാടാണ് ടീമുകള്‍ സ്വീകരിച്ചിട്ടുള്ളത്. ടി20 ലോകകപ്പിലും അന്നത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയും ടോസിന് ശേഷം കൈകൊടുത്തിരുന്നില്ല. മത്സരത്തിന് ശേഷവും താരങ്ങള്‍ ഹസ്തദാനം ഒഴിവാക്കിയിരുന്നു. എന്നാല്‍ അടുത്തിടെ നടന്ന ഹോക്കി ലോകകപ്പില്‍ സ്ഥിതി വ്യത്യസ്തമായിരുന്നു. മത്സരത്തിന് ശേഷം ഇന്ത്യ-പാക് താരങ്ങള്‍ പരസ്പരം കൈകൊടുത്താണ് മടങ്ങിയത്.
പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും പിന്നാലെ ഇന്ത്യ-പാകിസ്താന്‍ രാഷ്‌ട്രീയ ബന്ധം കൂടുതല്‍ വഷളായതോടെയാണ് ക്രിക്കറ്റ് മൈതാനത്തും ഹസ്തദാനം ഒഴിവാക്കുന്ന നിലപാട് ശ്രദ്ധേയമായത്. തുടര്‍ന്ന് നടന്ന ഏഷ്യാ കപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ പാക് ക്യാപ്റ്റന് കൈകൊടുത്തിരുന്നില്ല. ഏഷ്യാ കപ്പ് ഫൈനലിലും ഇന്ത്യ-പാക് ബന്ധത്തിലെ അസ്വാരസ്യം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരുന്നു. പാക് മന്ത്രി കൂടിയായ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവിയുമായ മൊഹ്‌സിന്‍ നഖ്വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കാന്‍ ഇന്ത്യന്‍ ടീം വിസമ്മതിച്ചതായിരുന്നു വിവാദത്തിന് കാരണം.
എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് വൈസ് ചെയര്‍മാനില്‍ നിന്ന് ട്രോഫി സ്വീകരിക്കാന്‍ ഇന്ത്യന്‍ ടീം ആവശ്യപ്പെട്ടെങ്കിലും നഖ്വി ആവശ്യം അംഗീകരിച്ചില്ല. തന്റെ കൈയില്‍ നിന്ന് തന്നെ ഇന്ത്യന്‍ ടീം ട്രോഫി സ്വീകരിക്കണമെന്ന നിലപാടിലായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ടീം പോഡിയത്തിലേക്ക് കയറാന്‍ കാത്തുനില്‍ക്കുന്നതിനിടെ ട്രോഫി ഗ്രൗണ്ടില്‍ നിന്ന് മാറ്റിയതും അസാധാരണ രംഗങ്ങള്‍ക്ക് വഴിവച്ചു. തുടര്‍ന്ന് ട്രോഫിയും വിജയികള്‍ക്കുള്ള മെഡലുകളുമായി നഖ്വിയും പ്രതിനിധിയും സ്റ്റേഡിയം വിട്ടു. ട്രോഫിയില്ലാതെയാണ് ഇന്ത്യന്‍ ടീം പിന്നീട് വിജയാഘോഷം നടത്തിയത്.















