മോസ്‌കോ: യുക്രെയ്ന്‍ തലസ്ഥാനമായ കീവിനെതിരായ വ്യോമാക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാരഡ് കുഷ്‌നറും മോസ്‌കോയിലെത്തിയതിന് പിന്നാലെയാണ് പുടിന്റെ പ്രഖ്യാപനം. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഇരുവരും റഷ്യന്‍ പ്രസിഡന്റുമായി നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ പ്രതിനിധികളുടെ സന്ദര്‍ശനത്തിന് മുന്നോടിയായി താല്‍ക്കാലിക വെടിനിര്‍ത്തലിന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. ചര്‍ച്ചകള്‍ക്കും സന്ദര്‍ശനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ക്കും ആവശ്യമായ സമയത്തേക്ക് റഷ്യയും വ്യോമാക്രമണങ്ങള്‍ നിര്‍ത്തിവെക്കണമെന്നായിരുന്നു സെലന്‍സ്‌കിയുടെ ആവശ്യം.
അമേരിക്കന്‍ പ്രതിനിധികളുടെ സന്ദര്‍ശനം സുരക്ഷിതവും ഫലപ്രദവുമാക്കാന്‍ യുക്രെയ്ന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സെലന്‍സ്‌കി വ്യക്തമാക്കി. സ്റ്റീവ് വിറ്റ്‌കോഫും ജാരഡ് കുഷ്‌നറും മോസ്‌കോയും തുടര്‍ന്ന് കീവിലും സന്ദര്‍ശനം നടത്തുമെന്നാണ് യുഎസ് പ്രസിഡന്റിന്റെ സംഘത്തില്‍ നിന്ന് ലഭിച്ച വിവരമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിന് പരിഹാരം കാണുന്നതിനുള്ള യഥാര്‍ഥ സാധ്യതകള്‍ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും സെലന്‍സ്‌കി വ്യക്തമാക്കി. അമേരിക്കന്‍ പ്രതിനിധികള്‍ മോസ്‌കോയില്‍ എന്ത് നിര്‍ദേശങ്ങളാണ് മുന്നോട്ടുവയ്‌ക്കുന്നതെന്നും റഷ്യയുടെ പ്രതികരണം എന്തായിരിക്കുമെന്നും കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ പ്രതിനിധികള്‍ മോസ്‌കോയിലെത്തിയ സാഹചര്യത്തിലാണ് കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള പ്രഖ്യാപിച്ചത്. റഷ്യയുടെ ഭാഗത്തുനിന്നുള്ള വ്യോമാക്രമണങ്ങള്‍ നിര്‍ത്തിവെക്കാനുള്ള പുടിന്റെ തീരുമാനം സമാധാന ചര്‍ച്ചകള്‍ക്ക് പുതിയ അവസരം നല്‍കുമെന്നാണ് വിലയിരുത്തല്‍. അതേസമയം, വെടിനിര്‍ത്തല്‍ നിര്‍ദേശം മുന്നോട്ടുവച്ച ദിവസവും റഷ്യ യുക്രെയ്നില്‍ വ്യോമാക്രമണം നടത്തിയതായി സെലന്‍സ്‌കി ആരോപിച്ചു. യുക്രെയ്ന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്ഥാനമാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്നും സെലന്‍സ്‌കി പറഞ്ഞു.
നിലവിലെ നീക്കങ്ങള്‍ക്കിടെ റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്ക് അമേരിക്ക നേതൃത്വം നല്‍കുകയാണ്. വിറ്റ്‌കോഫിന്റെയും കുഷ്‌നറുടെയും മോസ്‌കോ സന്ദര്‍ശനം ഇതിന്റെ ഭാഗമായി ഏറെ പ്രാധാന്യത്തോടെയാണ് വിലയിരുത്തപ്പെടുന്നത്.















