ടെഹ്റാൻ: ജോർദാനിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈൽ ആക്രമണത്തിൽ നിരവധി അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്. സിബിഎസ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മുവാഫഖ് സൽത്തി വ്യോമതാവളത്തിന് നേരെയായിരുന്നു ഇറാന്റെ ആക്രമണം. ആക്രമണത്തിൽ A-10 തണ്ടർബോൾട്ട് യുദ്ധവിമാനത്തിന്‍റെ ഒരു ചിറക് തകർന്നതായും, എട്ട് F-15 യുദ്ധവിമാനങ്ങൾക്ക് നേരിയ കേടുപാടുകൾ സംഭവിച്ചതായും സിബിഎസ് റിപ്പോർട്ടർ ജെന്നിഫർ ജേക്കബ്സ് എക്സിൽ കുറിച്ചു. കേടുപാടുകൾ സംഭവിച്ച F-15 വിമാനങ്ങൾ പിന്നീട് സർവീസിൽ തിരിച്ചെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ആക്രമണത്തെ പ്രതിരോധിക്കാൻ ജോർദാനിലെ അമേരിക്കൻ സൈന്യം 30-ലേറെ പാട്രിയറ്റ് മിസൈലുകൾ പ്രയോഗിച്ചതായും റിപ്പോർട്ടുണ്ട്.
അമേരിക്ക അഞ്ച് ഇറാനിയൻ എണ്ണക്കപ്പലുകൾ ആക്രമിച്ചതിന് പിന്നാലെയാണ് ഇറാൻ തിരിച്ചടിച്ചതെന്നാണ് റിപ്പോർട്ട്. ഇറാന്റെ ആക്രമണത്തിൽ അമേരിക്കൻ നാവികസേനയുടെ കപ്പലിനെയും ലക്ഷ്യമിട്ടിരുന്നു. ഇതിന് പിന്നാലെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) എട്ട് എണ്ണക്കപ്പലുകൾക്കും രണ്ട് യുദ്ധക്കപ്പലുകൾക്കും നേരെ ആക്രമണം നടത്തിയതായി അവകാശപ്പെട്ടു. ഇതിൽ ജോർദാനിലെ യുഎസ് വ്യോമതാവളവും ഉൾപ്പെടുന്നു.
അതേസമയം, നവംബറിലെ മിഡ്‌ടേം തിരഞ്ഞെടുപ്പിന് പിന്നാലെ യുദ്ധം അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. എന്നാൽ യുദ്ധം ട്രംപിന്റെ ഭരണകാലത്തെ ശേഷിക്കുന്ന രണ്ട് വർഷത്തേക്കും നീണ്ടേക്കാമെന്ന് അദ്ദേഹത്തിന്റെ ഉന്നത ഉപദേഷ്ടാക്കൾ മുന്നറിയിപ്പ് നൽകിയതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.