തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പുതിയ ചുമതലകള്‍ നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പില്‍ നിന്ന് മാറ്റി വനംവകുപ്പ് ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു. കശുവണ്ടി വികസന വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ അധിക ചുമതലയും ശ്രീറാം വെങ്കിട്ടരാമന്‍ വഹിക്കും. അരുണ്‍ കെ. വിജയനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ചു. ഡോ. രേണു രാജിന് നാഷണല്‍ ഹെല്‍ത്ത് മിഷന്റെ അധിക ചുമതല നല്‍കി.
തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനു കുമാരി ജിഎസ്ടി കമ്മീഷണറാകും. പകരം അഞ്ജു കെ. എസ്. തിരുവനന്തപുരം ജില്ലാ കളക്ടറായി ചുമതലയേല്‍ക്കും. കാസര്‍ഗോഡ് ജില്ലാ കളക്ടറായി ശ്രീധന്യ സുരേഷിനെ നിയമിച്ചു. തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന് കിലയുടെ അധിക ചുമതലയും നല്‍കി. സ്നേഹില്‍ കുമാര്‍ സിംഗിനെ വ്യവസായ വകുപ്പിലേക്ക് മാറ്റി. കെഎസ്‌ഐഡിസി എംഡിയുടെ അധിക ചുമതലയും അദ്ദേഹത്തിന് നല്‍കി. അര്‍ജുന്‍ പാണ്ഡ്യനെ കൃഷിവകുപ്പിലേക്ക് മാറ്റി.
തിരുവനന്തപുരം സബ് കളക്ടറായ ആല്‍ഫ്രഡ് ഒ. വിയെ മിഷന്‍ സമുദ്രയുടെ നോഡല്‍ ഓഫീസറായി നിയമിച്ചു. ശബരിമല എഡിഎമ്മായി ദിലീപ് കെ. ചുമതലയേല്‍ക്കും.















