കൊച്ചി: സിഎംആര്‍എല്‍എക്‌സാലോജിക് മാസപ്പടിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആദ്യഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിച്ചേക്കും. കുറ്റപത്രം തയ്യാറാക്കുന്നതിന് മുന്നോടിയായി ഇടപാടുകള്‍ നടന്ന കാലയളവിലെ രണ്ട് ഓഡിറ്റര്‍മാരെ ഇന്നലെ ചോദ്യം ചെയ്തു. സിഎംആര്‍എല്ലിലെ ധനകാര്യ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ ഇന്നും നാളെയും ചോദ്യം ചെയ്യും. സിഎംആര്‍എല്‍ ജനറല്‍ മാനേജര്‍ മനോഹര്‍ ദാസിന് ഇന്ന് ഹാജരാകാന്‍ ഇഡി സമന്‍സ് നല്‍കിയിട്ടുണ്ട്. ദുരൂഹ പണമിടപാടുകള്‍ നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയ കാലയളവിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം നിലവിലെ ഉദ്യോഗസ്ഥരെയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്.
ഈയാഴ്ചയിലെ ചോദ്യം ചെയ്യലുകള്‍ കൂടി പൂര്‍ത്തിയാക്കിയ ശേഷം ആദ്യഘട്ട കുറ്റപത്രത്തിന്റെ കരട് തയ്യാറാക്കാനാണ് ഇഡിയുടെ നീക്കം. നിലവില്‍ വീണ വിജയന്‍ ഉള്‍പ്പെടെ 12 പേരാണ് കേസിലെ പ്രതികളെന്നാണ് അന്വേഷണ ഏജന്‍സിയുടെ നിലപാട്. നേരത്തെ നിരവധി തവണ ചോദ്യം ചെയ്ത വീണ വിജയന്‍, സിഎംആര്‍എല്‍ ഉടമ ശശിധരന്‍ കര്‍ത്ത, എംഡി ശരണ്‍ എസ്. കര്‍ത്ത, മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍, മുന്‍ ചീഫ് ജനറല്‍ മാനേജര്‍മാര്‍ തുടങ്ങിയവരെ ഇനി ചോദ്യം ചെയ്യില്ലെന്നാണ് വിവരം.
ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചാലും കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരായ അന്വേഷണം സമാന്തരമായി തുടരുമെന്നാണ് വിവരം. അതേസമയം, കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ മാസപ്പടി കേസിലെ ആദ്യഘട്ട അന്വേഷണത്തിന് ഔപചാരികമായ ഒരു ഘട്ടം പൂര്‍ത്തിയാകുമെങ്കിലും മറ്റ് വ്യക്തികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുമെന്നാണ് ഇഡി വൃത്തങ്ങളില്‍ നിന്നുള്ള സൂചന.