കൊച്ചി: മദ്യലഹരിയില്‍ നടുറോഡില്‍ തര്‍ക്കിച്ച യുവാവിനെയും യുവതിയെയും തടയാനെത്തിയ നാല് പൊലീസുകാര്‍ക്ക് മര്‍ദ്ദനമേറ്റു. കളമശേരി ഞാലകത്ത് ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. മറ്റൊരാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. കളമശേരി സ്റ്റേഷനിലെ എ.എസ്.ഐ എല്‍. സാം ലെസ്ലി (55), എസ്.സി.പി.ഒ ശ്രീജിത് (35), സി.പി.ഒമാരായ അര്‍ജുന്‍ (46), ബേസില്‍ (37) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ശ്രീജിത്തിന്റെ കൈപ്പത്തിക്കും അര്‍ജുന്റെ വലതുകൈക്കുഴയ്‌ക്കുമാണ് പരിക്കേറ്റത്.
വൈപ്പിന്‍ ഞാറയ്‌ക്കല്‍ നികര്‍തിത്തറ വീട്ടില്‍ വിനോയ് (23) ആണ് അറസ്റ്റിലായത്. ഇയാളുടെ സുഹൃത്ത് കളമശേരി സ്വദേശി ബോവിനായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. വിനോയിക്കൊപ്പം താമസിക്കുന്ന സാനിയയെ ഹാജരാകാന്‍ നിര്‍ദേശിച്ച് വിട്ടയച്ചു. എറണാകുളത്ത് നിന്ന് ബൈക്കില്‍ പോകുന്നതിനിടെ കലൂരില്‍ വിനോയിയും സാനിയയും അപകടത്തില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഇരുവരും സുഹൃത്തുക്കളുടെ അടുത്തേക്ക് പോയതായാണ് പൊലീസ് പറയുന്നത്. അപകടവുമായി ബന്ധപ്പെട്ട് അവിടെവച്ച് തര്‍ക്കമുണ്ടായി.
വിവരമറിഞ്ഞെത്തിയ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. വിനോയ് പൊലീസിന്റെ വാഹനത്തിന്റെ സൈഡ് മിറര്‍ അടിച്ചുതകര്‍ക്കുകയും ആന്റിനയ്‌ക്ക് കേടുവരുത്തുകയും ചെയ്തതായി പൊലീസ് പറയുന്നു. പൊലീസുകാരെ ആക്രമിച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ വിനോയ്, ബോവിന്‍, സാനിയ എന്നിവരെ പ്രതികളാക്കി പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിനും പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമുള്‍പ്പെടെ കേസെടുത്തു. പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നോയെന്നും ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.