ന്യൂഡൽഹി: ജനനവും മരണവും രജിസ്റ്റർ ചെയ്യുന്നതിൽ കൂടുതൽ കർശന നടപടികളുമായി കേന്ദ്രസർക്കാർ. ജനനമോ മരണമോ സംഭവിച്ച് രണ്ട് വർഷം കഴിഞ്ഞ് രജിസ്ട്രേഷനായി അപേക്ഷിക്കുന്നവർ ഇനി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് ഹാജരാക്കണം. പുതിയ വ്യവസ്ഥകൾ ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
രജിസ്ട്രേഷൻ ഓഫ് ബർത്ത്‌സ് ആൻഡ് ഡെത്ത്‌സ് (അമെൻഡ്‌മെന്റ്) ആക്ട്, 2026 പ്രകാരമാണ് മാറ്റങ്ങൾ. ഒക്ടോബർ ഒന്ന് മുതൽ നിയമത്തിലെ ഭേദഗതി വ്യവസ്ഥകൾ പ്രാബല്യത്തിൽ വരുമെന്ന് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ മൃത്യുഞ്ജയ് കുമാർ നാരായൺ ബുധനാഴ്ച പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിൽ വ്യക്തമാക്കി.
രണ്ട് വർഷത്തിന് ശേഷം മജിസ്ട്രേറ്റ് ഉത്തരവ്
1969ലെ രജിസ്ട്രേഷൻ ഓഫ് ബർത്ത്‌സ് ആൻഡ് ഡെത്ത്‌സ് ആക്ടിലെ 13(3) വകുപ്പ് ഭേദഗതി ചെയ്താണ് വൈകിയുള്ള രജിസ്ട്രേഷൻ നടപടികൾ കൂടുതൽ കർശനമാക്കിയത്.
ജനനമോ മരണമോ സംഭവിച്ച് രണ്ട് വർഷത്തിന് ശേഷമാണ് രജിസ്ട്രേഷന് അപേക്ഷിക്കുന്നതെങ്കിൽ, ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് ആവശ്യമായി വരും. അതായത്, രണ്ട് വർഷത്തിലധികം പഴക്കമുള്ള സംഭവങ്ങളുടെ രജിസ്ട്രേഷൻ സാധാരണ ഭരണനടപടിയിലൂടെ മാത്രം പൂർത്തിയാക്കാനാകില്ല.
അതേസമയം, ഒരു വർഷത്തിന് ശേഷവും രണ്ട് വർഷത്തിനുള്ളിലും അപേക്ഷ സമർപ്പിക്കുന്ന കേസുകളിൽ ജില്ലാ മജിസ്ട്രേറ്റ്, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അല്ലെങ്കിൽ അധികാരപ്പെടുത്തിയ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവ് ആവശ്യമാണ്.
രേഖകളുടെ കൃത്യത പരിശോധിക്കും
വൈകിയുള്ള രജിസ്ട്രേഷൻ അനുവദിക്കുന്നതിന് മുമ്പ് സംഭവം യഥാർഥമാണോയെന്നും നൽകിയ വിവരങ്ങൾ കൃത്യമാണോയെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിക്കണം. നിശ്ചിത ഫീസ് അടച്ച ശേഷമായിരിക്കും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുക.
ജനന-മരണ സംഭവങ്ങൾ കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുകയും ഔദ്യോഗിക രേഖകളുടെ വിശ്വാസ്യത ഉറപ്പാക്കുകയും ചെയ്യുകയാണ് ഭേദഗതിയുടെ പ്രധാന ലക്ഷ്യം.
രാഷ്‌ട്രപതിയുടെ അംഗീകാരത്തിന് പിന്നാലെ നിയമം
2026ലെ ഭേദഗതി ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയതിന് പിന്നാലെ രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെയാണ് നിയമമായത്. ഇതിന് പിന്നാലെയാണ് ഒക്ടോബർ ഒന്ന് മുതൽ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്രം വിജ്ഞാപനം ചെയ്തത്.















