തൊടുപുഴ: എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ പിടിയിൽ. കോൺഗ്രസ് നേതാവായിരുന്ന സനീഷ് ജോർജ് ആണ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പിടിയിലായത്. ലഹരി ഉപയോഗിക്കുന്നതിനിടയാണ് പ്രത്യേക സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
പെരുമാകണ്ടം ഭാഗത്ത് ബുധനാഴ്ച രാത്രിയിലാണ് സംഭവം. നിലവിൽ സനീഷ് ജോർജ് കാളിയാർ പോലീസ് സ്റ്റേഷനിലാണ്. ഇയാൾക്കൊപ്പം ഒരു സുഹൃത്തും ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. പരിശോധനയിൽ ലഹരി ഉപയോഗിക്കാൻ ഉപയോഗിച്ചതായി കരുതുന്ന സിറിഞ്ചും മറ്റ് വസ്തുക്കളും കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി.
സനീഷ് ജോർജ് സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണ്.
തൊടുപുഴ നഗരസഭയുടെ ചെയർമാനായിരുന്ന സനീഷ് ജോർജിന് 2024ൽ കൈക്കൂലി കേസിനെ തുടർന്ന് സ്ഥാനമൊഴിയേണ്ടിവന്നിരുന്നു. സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങിയെന്ന കേസിലാണ് അന്ന് ഇയാൾ പ്രതിയായത്.
യുഡിഎഫ് വിമതനായി മത്സരിച്ച് വിജയിച്ച സനീഷ് ജോർജ് പിന്നീട് എൽഡിഎഫ് പിന്തുണയോടെയാണ് നഗരസഭ അധ്യക്ഷനായത്. ഏകദേശം നാലര വർഷം ചെയർമാൻ സ്ഥാനത്ത് തുടർന്ന ശേഷമാണ് കൈക്കൂലി കേസിനെ തുടർന്ന് രാജിവച്ചത്. കോൺഗ്രസിൽ തിരിച്ചെത്തിയെങ്കിലും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി സനീഷ് ജോർജിന് സീറ്റ് നൽകിയിരുന്നില്ല. നേരത്തെ കഞ്ചാവ് കൈവശം വച്ചതുമായി ബന്ധപ്പെട്ടും ഇയാൾക്കെതിരെ കേസുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.















