മുംബൈ: മഹാരാഷ്‌ട്രയിലെ അംബോളി വെള്ളച്ചാട്ടത്തിൽ കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേക്ക് വലിയ പാമ്പ് വീണത് പരിഭ്രാന്തി പരത്തി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിലുള്ള അംബോളി വെള്ളച്ചാട്ടത്തിലാണ് സംഭവം. കുഞ്ഞിനെ കൈയിലെടുത്ത് പാറക്കെട്ടുകൾക്കിടയിലൂടെ നടക്കുന്നതിനിടെയാണ് മുകളിൽനിന്ന് പാമ്പ് യുവാവിന്റെ തോളിലേക്ക് വീണത്. അപ്രതീക്ഷിതമായി പാമ്പ് ശരീരത്തിൽ പതിച്ചതോടെ യുവാവ് പരിഭ്രാന്തനായി. പിന്നാലെ പാമ്പ് പാറയിലെ ചെറിയ വിടവിലേക്ക് ഇഴഞ്ഞുകയറി.
സംഭവം കണ്ട് സമീപത്തുണ്ടായിരുന്നവർ നിലവിളിച്ച് ഓടിമാറി. പാമ്പ് പിന്നീട് പ്രദേശത്തുനിന്ന് ഇഴഞ്ഞുപോയതായാണ് വിവരം. പാമ്പിനെ കണ്ട ഒരാൾ ഇത് വലിയ പാമ്പാണെന്നും മൂർഖനാണെന്നും പറയുന്നത് വീഡിയോയിൽ കേൾക്കാം. എന്നാൽ പാമ്പിന്റെ ഇനം സ്ഥിരീകരിച്ചിട്ടില്ല.
മഴക്കാലത്ത് വെള്ളച്ചാട്ടങ്ങളിലും വനമേഖലകളിലും സഞ്ചരിക്കുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്ന മുന്നറിയിപ്പും സംഭവം നൽകുന്നു. പാറയിടുക്കുകൾ, സസ്യങ്ങൾ കൂട്ടമായി വളരുന്ന പ്രദേശങ്ങൾ, വഴുക്കലുള്ള ഭാഗങ്ങൾ എന്നിവിടങ്ങളിൽ വന്യജീവികളുടെ സാന്നിധ്യമുണ്ടാകാം. ഇത്തരം സ്ഥലങ്ങളിൽ സുരക്ഷിതമായ അകലം പാലിക്കണമെന്നാണ് നിർദേശം.















