പിറവം: ഗള്‍ഫില്‍നിന്നെത്തിയ സുഹൃത്ത് ഫോണ്‍ എടുക്കാത്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചതായി പരാതി. പിറവം കക്കാട് സ്വദേശി അരുണ്‍ പ്രകാശിനാണ് (31) ഗുരുതരമായി പൊള്ളലേറ്റത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റ അരുണിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അരുണിന്റെ സുഹൃത്തുക്കളായ ജിഷ്ണു, ചന്ദനു, സല്‍ബറിന്‍, ചാക്ക്നൂല്‍ എന്നറിയപ്പെടുന്ന മറ്റൊരു യുവാവ് എന്നിവര്‍ക്കെതിരെ പിറവം പൊലീസ് വധശ്രമത്തിന് കേസെടുത്തു. നാലുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ 12.15നും 1.30നും ഇടയില്‍ പിറവം സ്‌നേഹഭവന്‍ റോഡിലെ കൊച്ചുപള്ളി ഗ്രൗണ്ടിന് സമീപമാണ് സംഭവമെന്ന് എഫ്ഐആറില്‍ പറയുന്നു. മറ്റ് സുഹൃത്തുക്കളോടൊപ്പം സംസാരിച്ചുനില്‍ക്കുകയായിരുന്ന അരുണിനെ ജിഷ്ണു ഫോണില്‍ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാകുകയും ഇതിനിടെ ജിഷ്ണു കൈയില്‍ കരുതിയിരുന്ന പ്ലാസ്റ്റിക് കുപ്പിയിലെ പെട്രോള്‍ അരുണിന്റെ ശരീരത്തിലേക്ക് ഒഴിച്ച് തീകൊളുത്തുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിനിടെ ജിഷ്ണുവിനും പൊള്ളലേറ്റു. ഇയാള്‍ പൊലീസ് നിരീക്ഷണത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഗള്‍ഫില്‍നിന്ന് അടുത്തിടെ നാട്ടിലെത്തിയ ജിഷ്ണു സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചുകൊണ്ടിരിക്കെ അരുണ്‍ തുടര്‍ച്ചയായി ഫോണില്‍ വിളിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. ജിഷ്ണു ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് അരുണ്‍ വീണ്ടും വിളിച്ചപ്പോള്‍ ജിഷ്ണുവിന്റെ രണ്ടാനമ്മയാണ് ഫോണ്‍ എടുത്തത്. എന്നാല്‍ ജിഷ്ണുവാണെന്ന് തെറ്റിദ്ധരിച്ച് അരുണ്‍ ഫോണിലൂടെ അസഭ്യം പറഞ്ഞതാണ് പിന്നീട് തര്‍ക്കത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. സ്‌കൂട്ടറില്‍ ഒഴിക്കാനാണെന്ന വ്യാജേനയാണ് സംഘം പെട്രോള്‍ വാങ്ങിയതെന്നും പൊലീസ് പറഞ്ഞു.
നാലുപേരും അരുണുമായി വാക്കേറ്റത്തിലേര്‍പ്പെട്ടതിനിടെ ജിഷ്ണു ഭീഷണിപ്പെടുത്തിയതായും തുടര്‍ന്ന് ആക്രമണം നടത്തിയതായും, മറ്റുള്ളവര്‍ ആക്രമണത്തിന് പ്രേരിപ്പിച്ചെന്നും എഫ്ഐആറില്‍ പരാമര്‍ശമുണ്ട്. അരുണും പ്രതികളും നേരത്തെയും ലഹരിമരുന്ന് ഉപയോഗം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ പങ്കാളികളായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രതികളില്‍ ഒരാള്‍ കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിട്ടുള്ള സ്ഥിരം കുറ്റവാളിയാണെന്നും പൊലീസ് അറിയിച്ചു. ബിഎന്‍എസ് പ്രകാരം വധശ്രമം, ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍, അസഭ്യം പറയല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഭവത്തില്‍ പിറവം പൊലീസ് അന്വേഷണം തുടരുകയാണ്.















