ലിസ്ബണ്‍: 41-ാം വയസിലും പോര്‍ച്ചുഗല്‍ ദേശീയ ടീമില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പുതിയ പരിശീലകന്‍ ജോര്‍ജ് ജീസസ് പ്രഖ്യാപിച്ച 2026/27 യുവേഫ നേഷന്‍സ് ലീഗിനുള്ള ടീമില്‍ റൊണാള്‍ഡോ ഇടം നേടി. സെപ്റ്റംബര്‍ 24ന് വെയില്‍സിനെതിരെയാണ് പോര്‍ച്ചുഗലിന്റെ നേഷന്‍സ് ലീഗ് പോരാട്ടങ്ങള്‍ക്ക് തുടക്കം. സെപ്റ്റംബര്‍ 27ന് നോര്‍വേയ്‌ക്കെതിരെയും ഒക്ടോബര്‍ ഒന്നിന് ഡെന്‍മാര്‍ക്കിനെതിരെയും പോര്‍ച്ചുഗല്‍ ഏറ്റുമുട്ടും. ഒക്ടോബര്‍ നാലിന് നോര്‍വേയ്‌ക്കെതിരെയാണ് നാലാം മത്സരം.
2026 ലോകകപ്പ് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് റൊണാള്‍ഡോ നേരത്തെ വ്യക്തമാക്കിയിരുന്നു. ലോകകപ്പിന് പിന്നാലെ ദേശീയ ടീമിലെ ഭാവിയെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും, ജോര്‍ജ് ജീസസിന്റെ ആദ്യ ടീമില്‍ തന്നെ താരത്തെ ഉള്‍പ്പെടുത്തി. താരങ്ങളുടെ തിരഞ്ഞെടുപ്പ് നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് ജീസസ് വ്യക്തമാക്കിയിട്ടുണ്ട്.
2003 ഓഗസ്റ്റ് 20ന് കസാഖിസ്ഥാനെതിരെയാണ് 18-ാം വയസില്‍ റൊണാള്‍ഡോ പോര്‍ച്ചുഗലിനായി അരങ്ങേറ്റം കുറിച്ചത്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട അന്താരാഷ്‌ട്ര കരിയറില്‍ പുരുഷ അന്താരാഷ്‌ട്ര ഫുട്‌ബോളിലെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമായി റൊണാള്‍ഡോ തുടരുന്നു. നിലവില്‍ പോര്‍ച്ചുഗലിനായി 146 ഗോളുകളാണ് താരത്തിന്റെ പേരിലുള്ളത്.
പോര്‍ച്ചുഗലിനൊപ്പം ഒരു യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പും രണ്ട് നേഷന്‍സ് ലീഗ് കിരീടങ്ങളും റൊണാള്‍ഡോ നേടിയിട്ടുണ്ട്. 2028ലെ യൂറോ കപ്പിലേക്കുള്ള പോര്‍ച്ചുഗലിന്റെ യാത്രയിലും റൊണാള്‍ഡോയുടെ സാന്നിധ്യം തുടരാനുള്ള സാധ്യതയാണ് പുതിയ ടീമംഗത്വത്തോടെ തെളിയുന്നത്.















