ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ടെലിഫോണില്‍ സംസാരിച്ചു. പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. മേഖലയില്‍ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തുടര്‍ സഹകരണവും ഏകോപനവും ശക്തമാക്കാന്‍ ഇരു നേതാക്കളും പ്രതിബദ്ധത ആവര്‍ത്തിച്ചു. ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കുന്നതിനുള്ള പുതിയ നടപടികളും ചര്‍ച്ചയായി.
ഊര്‍ജം, പ്രതിരോധം, സാങ്കേതികവിദ്യ, നിക്ഷേപം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതാണ് ലക്ഷ്യം. ഇന്ത്യയുടെ വിജയകരമായ ബ്രിക്‌സ് അധ്യക്ഷപദവിക്ക് യുഎഇ പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചു. ബ്രിക്‌സ് ഉച്ചകോടിയില്‍ യുഎഇ കിരീടാവകാശി ഷെയ്ഖ് ഖാലിദിന്റെ പങ്കാളിത്തത്തെയും ഇന്ത്യയുടെ അധ്യക്ഷപദവിയില്‍ യുഎഇ നല്‍കിയ സഹകരണത്തെയും മോദി അഭിനന്ദിച്ചു. പ്രധാനമന്ത്രി മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് യുഎഇ പ്രസിഡന്റ് ആശംസകളും നേര്‍ന്നു. ജന്മദിനാശംസകള്‍ നേര്‍ന്ന ഷെയ്ഖ് മുഹമ്മദിന് മോദി നന്ദി അറിയിച്ചു.















