ചങ്ങനാശേരി: വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ഉച്ചയോടെയാണ് മന്ത്രി എത്തിയത്. ഏകദേശം 20 മിനിറ്റോളം സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞ ദിവസം പന്തളം കുരമ്പാലയിൽ ഉണ്ടായ വാഹനാപകടത്തിലാണ് ജി. സുകുമാരൻ നായർക്ക് പരിക്കേറ്റത്. എം.സി. റോഡിൽ കുരമ്പാല അമൃത സ്കൂൾ ജങ്ഷന് സമീപം ഉച്ചയ്‌ക്ക് 12.30ഓടെയായിരുന്നു അപകടം. സുകുമാരൻ നായർ സഞ്ചരിച്ചിരുന്ന കാറിൽ എതിർദിശയിൽനിന്നെത്തിയ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.
അപകടത്തിൽ അദ്ദേഹത്തിന്റെ വലതുകൈയ്‌ക്ക് നിസ്സാര പരിക്കേറ്റു. തുടർന്ന് പന്തളം എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയശേഷം ചങ്ങനാശേരിയിലേക്ക് മടങ്ങിയിരുന്നു. പെരുമ്പുളിക്കൽ എൻഎസ്എസ് പോളിടെക്നിക് കോളജിൽ റോഡ് നിർമാണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ പോകുന്നതിനിടെയായിരുന്നു അപകടമെന്നാണ് റിപ്പോർട്ടുകൾ.
അപകടവിവരം അറിഞ്ഞതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രി എൻഎസ്എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറിയെ നേരിൽ കണ്ടത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങൾ മന്ത്രി ചോദിച്ചറിഞ്ഞു.
രമേശ് ചെന്നിത്തലയുടെ സന്ദർശനത്തിന് മണിക്കൂറുകൾക്ക് മുമ്പ് മന്ത്രി പി.സി. വിഷ്ണുനാഥും പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തി ജി. സുകുമാരൻ നായരെ സന്ദർശിച്ചിരുന്നു.















