മുംബൈ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ധനകാര്യ മേഖലയിലെ പ്രവർത്തനങ്ങളെ കൂടുതൽ വേഗത്തിലാക്കുമ്പോഴും സാമ്പത്തിക തീരുമാനങ്ങളുടെ ഉത്തരവാദിത്തം അൽഗോരിതങ്ങൾക്ക് കൈമാറാനാകില്ലെന്ന് ഒലീവിയ ഗ്രാമീൺ ക്രെഡിറ്റ്സ് മാനേജിങ് ഡയറക്ടർ കെ.ടി. കൃഷ്ണകുമാർ. മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് (GFF) 2026ലെ ‘AI Guardrails – Building Safe Financial AI Systems’ എന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഐ ഉപയോഗിച്ച് തീരുമാനമെടുക്കൽ വേഗത്തിലാക്കാൻ കഴിയുമെങ്കിലും തീരുമാനങ്ങളുടെ ഉത്തരവാദിത്തം മനുഷ്യരിൽ തന്നെ നിലനിൽക്കണം. ബാങ്കിങ് മേഖലയിൽ എഐയുടെ ഉപയോഗം കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തരുതെന്നും സുതാര്യമായും ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിച്ചും സാങ്കേതികവിദ്യ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ആവശ്യമാണെന്നും കൃഷ്ണകുമാർ പറഞ്ഞു.
അൽഗോരിതങ്ങൾ തീരുമാനമെടുക്കുന്നതിൽ കൂടുതൽ പങ്കാളികളാകുമ്പോഴും ഓരോ ഇടപാടിനും പിന്നിലുള്ള വ്യക്തിയെ വെറും ഡാറ്റാ പോയിന്റായി ചുരുക്കാതിരിക്കേണ്ടത് ധനകാര്യ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. “എഐക്ക് തീരുമാനങ്ങൾ ഓട്ടോമേറ്റ് ചെയ്യാം; എന്നാൽ ഉത്തരവാദിത്തം ഓട്ടോമേറ്റ് ചെയ്യാനാകില്ല,” കൃഷ്ണകുമാർ പറഞ്ഞു.
എഐ ഉപഭോക്താക്കളെ പ്രധാനമായും ഡാറ്റയായി കാണുമ്പോൾ ഒരു ബാങ്കർ അവരെ രാജ്യത്തിന്റെ വിശാലമായ സാമ്പത്തിക വളർച്ചയിലെ പ്രധാന കണ്ണികളായാണ് കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപഭോക്താവിന്റെ യഥാർഥ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നത് അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്‌ക്കും സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതികവിദ്യയുടെ ഉപയോഗം വേഗത വർധിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങാതെ അർഥവത്തായ സാമ്പത്തിക ഉൾപ്പെടുത്തലിന് സഹായിക്കുന്നതായിരിക്കണം. ഇതാണ് ധനകാര്യ മേഖലയിലെ എഐ ഉപയോഗത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്നും കൃഷ്ണകുമാർ പറഞ്ഞു.
ബാങ്കിങ് ഒരു സാമൂഹിക ഉത്തരവാദിത്തം കൂടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അധിക പണമുള്ളവരിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് യഥാർഥ ആവശ്യക്കാരെ കണ്ടെത്തി വായ്പ നൽകുകയും അവരെ സാമ്പത്തികമായി ശാക്തീകരിക്കുകയും ചെയ്യുന്നതിനൊപ്പം നിക്ഷേപകരുടെ പണം സുരക്ഷിതമായി സംരക്ഷിച്ച് ന്യായമായ വരുമാനത്തോടെ തിരികെ നൽകുകയുമാണ് ബാങ്കിന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം വ്യക്തമാക്കി.
പാനൽ ചർച്ചയിൽ സിസ്‌കോ ഇന്ത്യ-സൗത്ത് ഏഷ്യ സെക്യൂരിറ്റി സി.ടി.ഒ സുന്ദീപ് അഗർവാൾ, Arya.ai സ്ഥാപകനും സി.ഇ.ഒയുമായ വിനയ് കുമാർ, Credit Mantri സഹസ്ഥാപകൻ സുദർശൻ ആർ എന്നിവരും പങ്കെടുത്തു. Protectt.ai സ്ഥാപകനും സി.ഇ.ഒയുമായ മനീഷ് മിമാനിയായിരുന്നു ചർച്ച നിയന്ത്രിച്ചത്.















