കൊച്ചി: CMRL-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ടി. വീണയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് നടപടികള്‍ വേഗത്തിലാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ വീണ ഉള്‍പ്പെടെയുള്ള പ്രതികളുമായി ബന്ധപ്പെട്ട സ്വത്തുക്കള്‍ ഇ.ഡി. മരവിപ്പിച്ചിരുന്നു. എക്സാലോജിക് സൊല്യൂഷന്‍സ് ഡയറക്ടറായ ടി. വീണയുടെ പേരില്‍ ഒരു ഫ്ളാറ്റ് ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ അന്വേഷണസംഘം കണ്ടെത്തിയതായാണ് വിവരം. ഫ്ളാറ്റ് എവിടെയാണെന്ന വിവരം ഇ.ഡി. പുറത്തുവിട്ടിട്ടില്ല.
രണ്ടുമാസം മുന്‍പ് ഇ.ഡി. ഉദ്യോഗസ്ഥര്‍ കണ്ണൂരിലെ പിണറായി, പാതിരിയാട് വില്ലേജുകളില്‍ പരിശോധന നടത്തിയിരുന്നു. പിണറായി വില്ലേജില്‍ പിണറായി-പാറപ്രം റോഡില്‍ വീണയുടെ പേരില്‍ 80 സെന്റ് ഭൂമിയുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. പാതിരിയാട് വില്ലേജില്‍ പിണറായി വിജയന്റെ വീടിനോട് ചേര്‍ന്നുള്ള സ്ഥലവും സംഘം പരിശോധിച്ചിരുന്നു. ഈ സ്ഥലവും വീണയുടെ പേരിലാണെന്നാണ് സൂചന. സ്വത്തുക്കളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇ.ഡി. 18.36 കോടി രൂപയുടെ സ്വത്തുക്കളും ബാങ്ക് നിക്ഷേപങ്ങളും മരവിപ്പിച്ചിരുന്നു. ഇതില്‍ വീണ വിജയന്റെ 1.5 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും ഉള്‍പ്പെട്ടിരുന്നു. CMRLയുമായി ബന്ധപ്പെട്ട 242 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
CMRLയും വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്സാലോജിക് സൊല്യൂഷന്‍സും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി.യുടെ അന്വേഷണത്തിലെ പ്രധാന വിഷയം. CMRLയില്‍ നിന്ന് എക്സാലോജിക്കിന് ലഭിച്ച പണമിടപാടുകള്‍ സംബന്ധിച്ച രേഖകളും സാമ്പത്തിക ഇടപാടുകളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.
അതേസമയം, കേസില്‍ ഇ.ഡി.യുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക അഴിമതി കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുന്നതിനുള്ള നടപടികളാണ് സംസ്ഥാനതലത്തില്‍ പുരോഗമിക്കുന്നത്.















