ഹൈദരാബാദ്: ദേശീയപാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ച് പ്രമുഖ ന്യൂറോ സര്‍ജന്‍ മരിച്ചു. ഖമ്മത്തിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജറി വിഭാഗം മേധാവിയായ ഡോ. കെ. ജഗദീഷ് ബാബുവാണ് മരിച്ചത്. സൂര്യപേട്ട് ജില്ലയിലെ പിള്ളലമറ്രിക്ക് സമീപം ദേശീയപാത 365അയില്‍ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. ഖമ്മത്തില്‍ നിന്ന് കുടുംബം താമസിക്കുന്ന ഹൈദരാബാദിലേക്ക് കാറില്‍ യാത്ര ചെയ്യുകയായിരുന്നു ജഗദീഷ് ബാബു. യാത്രയ്‌ക്കിടെ ഉറങ്ങിപ്പോയതാകാം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഖമ്മം റൂറല്‍ സിഐ ജി. രാജശേഖര്‍ പറഞ്ഞു.
നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചതിന് പിന്നാലെ തീപിടിക്കുകയായിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ വാഹനം പൂര്‍ണമായും കത്തിനശിച്ചു. കാറിനുള്ളില്‍ കുടുങ്ങിയ ജഗദീഷ് ബാബുവിന് പുറത്തുകടക്കാനായില്ല. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ശരീരം പൂര്‍ണമായും കത്തിയതിനാല്‍ ആദ്യം ആളെ തിരിച്ചറിയാന്‍ പൊലീസിന് ബുദ്ധിമുട്ടുണ്ടായി. പിന്നീട് നടത്തിയ പരിശോധനയിലാണ് മരിച്ചത് ജഗദീഷ് ബാബുവാണെന്ന് സ്ഥിരീകരിച്ചത്. അപകടവിവരമറിഞ്ഞ് ജഗദീഷ് ബാബുവിന്റെ സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാരും സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി സൂര്യപേട്ട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ സംബന്ധിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.















