ഇടുക്കി: കനത്ത മഴയും മണ്ണിടിച്ചില്‍ ഭീഷണിയും തുടരുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ജില്ലയിലെ മലയോര മേഖലകളില്‍ രാത്രി യാത്ര നിരോധിച്ചു. വൈകിട്ട് ഏഴ് മുതല്‍ രാവിലെ ആറുവരെയാണ് നിയന്ത്രണം. കാലാവസ്ഥാ അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നതുവരെ സാഹസിക വിനോദകേന്ദ്രങ്ങള്‍ അടച്ചിടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്നാറിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പഴയ മൂന്നാറില്‍നിന്നുള്ള വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയാണ്.
സി.എസ്.ഐ പള്ളിക്ക് സമീപത്തുനിന്ന് ഗ്യാപ് റോഡിലൂടെ പ്രവേശിച്ച് പൊലീസ് സ്റ്റേഷന് സമീപത്തെ പാലം കടന്നാണ് വാഹനങ്ങള്‍ മൂന്നാര്‍ ടൗണിലെത്തേണ്ടത്. ഇടുക്കിയില്‍ ഇടവിട്ട് മഴ തുടരുകയാണ്. അടിമാലി പഴമ്പള്ളിച്ചാലില്‍ ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് അഞ്ച് കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. അതേസമയം, അടിമാലി മേഖലയില്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. നേര്യമംഗലംവാളറ റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.















