തിരുവല്ല: കൊഴുപ്പുനീക്കൽ ചികിത്സയ്ക്കിടെ വീട്ടമ്മയ്ക്ക് ഹൃദയാഘാതമുണ്ടായ സംഭവത്തിൽ സ്ഥാപപനത്തിനെതിരെ പരാതിയുമായി കുടുംബം. തിരുവല്ല ഇടിഞ്ഞില്ലത്ത് പ്രവർത്തിക്കുന്ന മെഡ്ലോഞ്ചസ് വെൽനസ്സ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി.
ശസ്ത്രക്രിയയില്ലാതെ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള ചികിത്സയ്ക്കായാണ് വീട്ടമ്മ സ്ഥാപനത്തിലെത്തിയത്. ചികിത്സയ്ക്കിടെ ആരോഗ്യനില വഷളാവുകയും ഹൃദയാഘാതമുണ്ടാവുകയുമായിരുന്നു എന്നാണ് കുടുംബത്തിന്റെ പരാതി.
സംഭവത്തെ തുടർന്ന് വീട്ടമ്മയെ അടിയന്തരമായി ആശുപത്രിയിലെത്തിച്ചു. നിലവിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ കഴിയുകയാണ്. ആരോഗ്യനില ഗുരുതരമാണെന്നാണ് കുടുംബം പറയുന്നത്.
ചികിത്സാപ്പിഴവാണ് ആരോഗ്യനില വഷളാവാൻ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് സ്വീകരിച്ച നടപടികളും ചികിത്സയ്ക്കിടെ നൽകിയ മരുന്നുകളും മറ്റ് നടപടിക്രമങ്ങളും പരിശോധിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചികിത്സാരേഖകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ച ശേഷമായിരിക്കും സംഭവത്തിൽ തുടർനടപടികളിലേക്ക് പൊലീസ് കടക്കുക.















