ന്യൂഡല്‍ഹി: മയക്കുമരുന്ന് കടത്തും ലഹരി ഉപയോഗവും തടയുന്നതിനുള്ള രാജ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ട് ആന്റി-നാര്‍ക്കോട്ടിക്സ് ടാസ്ക് ഫോഴ്സ് (ANTF) മേധാവികളുടെ മൂന്നാമത് ദേശീയ സമ്മേളനം ന്യൂഡല്‍ഹിയില്‍ ആരംഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സമ്മേളനം ഉദ്ഘാടനം ചെയ്തു. സെപ്റ്റംബര്‍ 22, 23 തീയതികളിലാണ് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (NCB) സംഘടിപ്പിക്കുന്ന ദ്വിദിന സമ്മേളനം.
36 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ANTF മേധാവികള്‍ക്കൊപ്പം ബന്ധപ്പെട്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെയും വിവിധ ഏജന്‍സികളുടെയും പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ‘യോജിച്ച തീരുമാനം, പങ്കിട്ട ഉത്തരവാദിത്തം’ എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം.
2026-29 കാലയളവിലേക്കുള്ള നാര്‍ക്കോട്ടിക്സ് കണ്ട്രോള് വിഷന്‍ ഡോക്യുമെന്റില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങളുടെ പുരോഗതിയാണ് പ്രധാനമായും വിലയിരുത്തുന്നത്. മയക്കുമരുന്ന് വിതരണവും ആവശ്യകതയും കുറയ്ക്കുന്നതിനും ലഹരി ഉപയോഗം മൂലമുള്ള ദോഷങ്ങള്‍ കുറയ്ക്കുന്നതിനുമുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നതും ചര്‍ച്ചയാകും.
വിഷന്‍ ഡോക്യുമെന്റിലെ നാല് പ്രധാന തന്ത്രമേഖലകളെ അടിസ്ഥാനമാക്കി എട്ട് സാങ്കേതിക സെഷനുകളാണ് സമ്മേളനത്തില്‍ നടക്കുന്നത്. എന്‍ഫോഴ്സ്മെന്റ്, ഇന്റലിജന്‍സ്, ഓപ്പറേഷന്‍സ്; പ്രീകഴ്സര്‍, സിന്തറ്റിക് ഡ്രഗ് നിയന്ത്രണം; ഡിമാന്‍ഡ് ആന്‍ഡ് ഹാര്‍ം റിഡക്ഷന്‍; ശേഷി വികസനം, ഏകോപനം എന്നിവയാണ് പ്രധാന മേഖലകള്‍.
ഡ്രഗ് കാര്‍ട്ടലുകളുടെ ശൃംഖലകള്‍ തകര്‍ക്കല്‍, സിന്തറ്റിക് ഡ്രഗുകളും രഹസ്യ ലാബുകളും കണ്ടെത്തല്‍, അനധികൃത കൃഷി തടയല്‍, പകരം കൃഷി പ്രോത്സാഹിപ്പിക്കല്‍, ഡാര്‍ക്നെറ്റ്-ക്രിപ്റ്റോ ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം എന്നിവയും വിശദമായി ചര്‍ച്ച ചെയ്യും. അടുത്ത മൂന്ന് വര്‍ഷത്തേക്ക് രാജ്യത്തെ മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഏകോപിതമാക്കുകയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തി മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള പ്രായോഗിക തന്ത്രങ്ങള്‍ രൂപപ്പെടുത്താനും സമ്മേളനം ലക്ഷ്യമിടുന്നു.
പരിപാടിയുടെ ഭാഗമായി മയക്കുമരുന്നിനെതിരായ ബോധവല്‍ക്കരണത്തിനുള്ള നാല് ടെലിവിഷന്‍ പരസ്യങ്ങളും അമിത് ഷാ പുറത്തിറക്കി. ലഖ്നൗ, ഡെറാഡൂണ്‍ എന്നിവിടങ്ങളിലെ പുതിയ NCB സോണ്‍ കോംപ്ലക്സുകളുടെ തറക്കല്ലിടലും നിര്‍വഹിച്ചു. പുനര്‍രൂപകല്‍പ്പന ചെയ്ത NCB വെബ്സൈറ്റിന്റെ ഉദ്ഘാടനവും നടന്നു. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെയുള്ള ANTFകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച സേനയെയും ചടങ്ങില്‍ ആദരിച്ചു.















