നിഷിന്: ഏഷ്യന്‍ ഗെയിംസ് 2026ല്‍ വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്ക് സ്വര്‍ണം. നിഷിനിലെ കൊറോഗി സ്പോര്‍ട്സ് പാര്‍ക്കില്‍ നടന്ന ഫൈനലില്‍ ശ്രീലങ്കയെ 147 റണ്‍സിന് തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണമണിഞ്ഞത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് സ്മൃതി മന്ദാനയും ഷഫാലി വര്‍മ്മയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 99 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കി. 29 പന്തില്‍ 48 റണ്‍സെടുത്ത ഷഫാലിയാണ് ആദ്യം മടങ്ങിയത്.
തുടര്‍ന്ന് സ്മൃതി മന്ദാന ഇന്നിങ്സിന്റെ നിയന്ത്രണം ഏറ്റെടുത്തു. 45 പന്തില്‍ 79 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് വലിയ സംഭാവന നല്കാനായില്ലെങ്കിലും സ്മൃതി സ്കോര്‍ബോര്‍ഡ് മുന്നോട്ട് നയിച്ചു. ഇതിനിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 11,000 റണ്‍സ് എന്ന നാഴികക്കല്ലും സ്മൃതി പിന്നിട്ടു. മധ്യ ഓവറുകളില്‍ ശ്രീലങ്ക തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും റിച്ച ഘോഷിന്റെ വെടിക്കെട്ട് ബാറ്റിങ് ഇന്ത്യയുടെ ഇന്നിങ്സിന് വീണ്ടും വേഗം നല്കി.
22 പന്തില്‍ പുറത്താകാതെ 49 റണ്‍സെടുത്ത റിച്ചയുടെ പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ 216 റണ്‍സ് നേടി. ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ടീം സ്കോറാണിത്. 217 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പിടിച്ചുകെട്ടി. ബാറ്റിങ്ങിന് പിന്നാലെ പന്തിലും തിളങ്ങിയ ഷഫാലി വര്‍മ്മ രണ്ട് ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ദീപ്തി ശര്‍മയും ശ്രീ ചരാണിയും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ശ്രേയങ്ക പാട്ടീലിന് രണ്ട് വിക്കറ്റും ലഭിച്ചു.
ശ്രീലങ്കന്‍ നായിക ചമരി അത്തപ്പത്തുവിലായിരുന്നു ടീമിന്റെ പ്രതീക്ഷകള്‍ മുഴുവന്‍. എന്നാല്‍ 21 പന്തില്‍ 29 റണ്‍സെടുത്ത താരത്തെ ഏഴാം ഓവറില്‍ ദീപ്തി ശര്‍മ പുറത്താക്കി. ചമരി മടങ്ങിയതോടെ ശ്രീലങ്കന്‍ ഇന്നിങ്സ് പൂര്‍ണമായും തകര്‍ന്നു. മറ്റൊരു താരത്തിനും 20 റണ്‍സ് കടക്കാനായില്ല. ഒടുവില്‍ 147 റണ്‍സിന്റെ ആധികാരിക ജയവുമായി ഇന്ത്യ സ്വര്‍ണം സ്വന്തമാക്കി. 2022ലെ ഏഷ്യന്‍ ഗെയിംസിലും വനിതാ ക്രിക്കറ്റില്‍ ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. ഇത്തവണയും കിരീടം നിലനിര്‍ത്തിയതോടെ ഏഷ്യന്‍ ഗെയിംസിലെ വനിതാ ക്രിക്കറ്റില്‍ ഇന്ത്യയുടെ ആധിപത്യം തുടരുകയാണ്.















