കൊച്ചി: എറണാകുളം റെയില്‍വേ യാര്‍ഡില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം. സെപ്റ്റംബര്‍ 25ന് സര്‍വീസ് നടത്തുന്ന മൂന്ന് പ്രധാന ട്രെയിനുകള്‍ ആലപ്പുഴ വഴിക്ക് പകരം കോട്ടയം വഴി തിരിച്ചുവിടും. ചില ട്രെയിനുകളുടെ സ്റ്റോപ്പുകളിലും മാറ്റമുണ്ടാകും. എറണാകുളം യാര്‍ഡിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇതോടെ മാവേലി എക്‌സ്പ്രസ്, ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്, ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം എ.സി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് എന്നിവയുടെ റൂട്ടിലാണ് മാറ്റം.
16603 മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസ് സെപ്റ്റംബര്‍ 25ന് എറണാകുളം ടൗണിനും കായംകുളം ജങ്ഷനും ഇടയില്‍ കോട്ടയം വഴി സര്‍വീസ് നടത്തും. എറണാകുളം ജങ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ ഈ ട്രെയിനിന് പതിവ് സ്റ്റോപ്പുകള്‍ ഉണ്ടായിരിക്കില്ല. പകരം എറണാകുളം ടൗണ്‍, കോട്ടയം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി എന്നിവിടങ്ങളില്‍ അധിക സ്റ്റോപ്പുകള്‍ അനുവദിക്കും. 16128 ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസും സെപ്റ്റംബര്‍ 25ന് കോട്ടയം വഴി തിരിച്ചുവിടും.
എറണാകുളം ജങ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിലെ പതിവ് സ്റ്റോപ്പുകള്‍ ഒഴിവാക്കും. വഴിതിരിച്ചുവിട്ട റൂട്ടില്‍ കോട്ടയം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി എന്നിവിടങ്ങളില്‍ അധിക സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്. 22207 എം.ജി.ആര്‍ ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ എ.സി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസും സെപ്റ്റംബര്‍ 25ന് കോട്ടയം വഴി സര്‍വീസ് നടത്തുംഴ എറണാകുളം ജങ്ഷന്‍, ആലപ്പുഴ എന്നിവിടങ്ങളിലെ പതിവ് സ്റ്റോപ്പുകള്‍ ഉണ്ടായിരിക്കില്ല. പകരം എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി എന്നിവിടങ്ങളില്‍ അധിക സ്റ്റോപ്പുകളുണ്ടാകും.
18189 ടാറ്റാനഗര്‍-എറണാകുളം എക്‌സ്പ്രസ് സെപ്റ്റംബര്‍ 24ന് ടാറ്റാനഗര്‍ ജങ്ഷനില്‍ നിന്ന് പുറപ്പെട്ട് ആലുവയില്‍ യാത്ര അവസാനിപ്പിക്കും. ആലുവയ്‌ക്കും എറണാകുളം ജങ്ഷനും ഇടയിലുള്ള സര്‍വീസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. അറ്റകുറ്റപ്പണികളെ തുടര്‍ന്നുള്ള നിയന്ത്രണമായതിനാല്‍ യാത്രക്കാര്‍ യാത്രയ്‌ക്ക് മുമ്പ് ട്രെയിനിന്റെ റൂട്ട്, സ്റ്റോപ്പ് എന്നിവ പരിശോധിക്കുന്നത് ഉചിതമാണ്.















