ന്യൂയോര്‍ക്ക്: റഷ്യയില്‍ നിന്നുള്ള എണ്ണ, വാതക ഇറക്കുമതിയെ ബാധിക്കുന്ന അമേരിക്കന്‍ ഉപരോധ നിയമത്തില്‍ ഇന്ത്യയുടെ ആശങ്ക വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി ന്യൂയോര്‍ക്കില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ജയശങ്കര്‍ ഇന്ത്യയുടെ താല്‍പര്യങ്ങള്‍ സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. ഐക്യരാഷ്‌ട്രസഭയുടെ 81-ാം ജനറല്‍ അസംബ്ലി സമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച.
‘Lindsey O. Graham Sanctioning Russia and Iran Act of 2026’ സംബന്ധിച്ച ഇന്ത്യയുടെ ആശങ്കകള്‍ റൂബിയോയുമായി ചര്‍ച്ച ചെയ്തതായി ജയശങ്കര്‍ വ്യക്തമാക്കി. ഗള്‍ഫ് മേഖലയിലെയും യുക്രെയ്നിലെയും സാഹചര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. റഷ്യയില്‍ നിന്ന് എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്താന്‍ യുഎസ് പ്രസിഡന്റിന് അധികാരം നല്‍കുന്നതാണ് പുതിയ നിയമം. പ്രസിഡന്റിന് പരമാവധി 100 ശതമാനം വരെ തീരുവ ചുമത്താനുള്ള അധികാരമാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ തീരുവ സ്വമേധയാ നിലവില്‍ വന്നിട്ടില്ല; ഏത് രാജ്യങ്ങള്‍ക്കെതിരെ എത്ര നിരക്ക് ചുമത്തണമെന്നത് പ്രസിഡന്റിന്റെ തീരുമാനത്തിന് വിധേയമാണ്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ഇന്ത്യയുടെ സാമ്പത്തിക താല്‍പര്യങ്ങളും രാജ്യത്തിന്റെ ഊര്‍ജ സുരക്ഷയും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ ഇന്ത്യയുമായി പ്രധാന പ്രാദേശിക വിഷയങ്ങളില്‍ ഏകോപനം തുടരുകയാണെന്ന് റൂബിയോ പറഞ്ഞു. തന്ത്രപ്രധാനമായ ഇന്ത്യ-യുഎസ് പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വിവിധ ബഹുമുഖ നീക്കങ്ങളില്‍ ഏകോപനം നടത്തുന്നതിനും ഇരുരാജ്യങ്ങളും പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ജൂലൈയില്‍ മനിലയില്‍ നടന്ന കൂടിക്കാഴ്ചയിലും ജയശങ്കറും റൂബിയോയും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. വ്യാപാരം, തീരുവ, ഊര്‍ജം, പ്രതിരോധം, നിര്‍ണായക ധാതുക്കള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ വിഷയങ്ങളായിരുന്നു അന്നത്തെ പ്രധാന ചര്‍ച്ചകള്‍. അമേരിക്കന്‍ നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ഊര്‍ജ സുരക്ഷയും സാമ്പത്തിക താല്‍പര്യങ്ങളും സംരക്ഷിക്കാനുള്ള നിലപാട് ശക്തമായി മുന്നോട്ടുവച്ചാണ് ജയശങ്കര്‍ റൂബിയോയുമായി കൂടിക്കാഴ്ച നടത്തിയത്.















