തിരുവനന്തപുരം: കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിലെ വളര്‍ച്ചയും സംസ്ഥാനത്തിന്റെ പുതിയ വികസന പദ്ധതികളും നേരിട്ടറിയാന്‍ മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക സംഘം കേരളത്തില്‍. മുംബൈ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിച്ച മാധ്യമപര്യടനത്തിന്റെ ഭാഗമായാണ് സംഘം തിരുവനന്തപുരത്ത് എത്തിയത്. സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു ഐഎഎസുമായി സംഘം കൂടിക്കാഴ്ച നടത്തി. കേരളത്തിലെ ടൂറിസം മേഖലയിലെ പുതിയ സാധ്യതകളും വളര്‍ച്ചയും സംബന്ധിച്ച് കൂടിക്കാഴ്ചയില്‍ വിശദമായ ചര്‍ച്ച നടന്നു.
2015 മുതല്‍ 2025 വരെയുള്ള പത്ത് വര്‍ഷത്തിനിടെ കേരളത്തിലേക്കുള്ള ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതായി കെ. ബിജു ഐഎഎസ് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ തീര്‍ത്ഥാടനത്തിനും ഡെസ്റ്റിനേഷന്‍ വിവാഹങ്ങള്‍ക്കുമായി കേരളത്തിലേക്ക് എത്തുന്നുണ്ട്. ഇതും സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയ്‌ക്ക് വലിയ നേട്ടമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡയറക്ടര്‍ പാര്‍വതി വി. ഐഐഎസും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. തുടര്‍ന്ന് മാധ്യമസംഘം വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖവും സന്ദര്‍ശിച്ചു. തുറമുഖം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രദീപ് ജയരാമനുമായി സംഘം ആശയവിനിമയം നടത്തി. തുറമുഖത്തിന്റെ അത്യാധുനിക പ്രവര്‍ത്തന രീതികളും നിലവിലെ വികസന ഘട്ടങ്ങളും മാനേജ്‌മെന്റ് പ്രതിനിധികള്‍ വിശദീകരിച്ചു.
തെക്കന്‍ ഏഷ്യയിലെ ആദ്യത്തെ പൂര്‍ണ ഓട്ടോമേറ്റഡ് അന്താരാഷ്‌ട്ര തുറമുഖമാണ് വിഴിഞ്ഞമെന്ന് അധികൃതര്‍ വ്യക്തമാക്കി. തുറമുഖത്തെ 20 ക്രെയിന്‍ ഓപ്പറേറ്റര്‍മാരില്‍ ഒന്‍പത് പേരും സ്ത്രീകളാണ്. നിലവില്‍ ഏകദേശം 1,200 പേര്‍ക്ക് വിഴിഞ്ഞം പദ്ധതി നേരിട്ട് തൊഴില്‍ നല്‍കുന്നുണ്ട്. ഇതില്‍ 70 മുതല്‍ 72 ശതമാനം വരെ ജീവനക്കാരും പ്രദേശവാസികളാണ്. 2.4 ദശലക്ഷത്തിലധികം ടിഇയു ചരക്കുനീക്കം ഇതിനോടകം വിഴിഞ്ഞം തുറമുഖം കൈകാര്യം ചെയ്തതായും അധികൃതര്‍ മാധ്യമസംഘത്തെ അറിയിച്ചു. മാധ്യമപര്യടനത്തിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ സംഘം സംസ്ഥാന പൊലീസ് മേധാവിയുമായും കേരള പൊലീസ് സൈബര്‍ സെക്യൂരിറ്റി വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. വിക്രം സാരാഭായ് സ്‌പേസ് സെന്ററും സംഘം സന്ദര്‍ശിക്കും.















