ഹൈദരാബാദ്: ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം നൃത്തം ചെയ്യുന്നത് കണ്ടതിന് പിന്നാലെ 23കാരി ജീവനൊടുക്കി. തെലങ്കാനയിലെ മഞ്ചേരിയാൽ ജില്ലയിലെ കാശിപേട്ട് മണ്ഡലത്തിലെ സോനാപൂർ ഗ്രാമത്തിലാണ് സംഭവം.
സന്ധ്യയാണ് മരിച്ചത്. സെപ്റ്റംബർ 23ന് നടന്ന ഘോഷയാത്രയ്‌ക്കിടെ ഭർത്താവ് ജംഗു മറ്റൊരു സ്ത്രീക്കൊപ്പം നൃത്തം ചെയ്യുന്നത് സന്ധ്യ കണ്ടിരുന്നു. ഇതിന് പിന്നാലെ ഇരുവരും തമ്മിൽ ബന്ധമുണ്ടെന്ന സംശയത്തിൽ സന്ധ്യ അസ്വസ്ഥയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.അടുത്ത ദിവസം രാവിലെ സന്ധ്യ കീടനാശിനി കഴിച്ചതായാണ് വിവരം. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്‌ക്കിടെ മരണം സംഭവിച്ചു.
സന്ധ്യയും ജംഗുവും അഞ്ച് വർഷം മുമ്പാണ് വിവാഹിതരായത്. സന്ധ്യയുടെ വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (BNSS) 194-ാം വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.















