കൊച്ചി: മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസൺ ബിജെപിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്. 2017 ജൂൺ 26ന് കൊച്ചിയിൽ ന്യൂനപക്ഷ മോർച്ച സംഘടിപ്പിച്ച പരിപാടിയിൽ ജിജി തോംസൺ പങ്കെടുത്തതിന്റെ ചിത്രങ്ങളും ജിജി ജോസഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടു.
മാർ ക്രിസോസ്റ്റം തിരുമേനിയെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയിലേക്ക് ജിജി തോംസണെ ക്ഷണിച്ചത് താനാണെന്നും അന്ന് താൻ ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷനായിരുന്നുവെന്നും ജിജി ജോസഫ് പറഞ്ഞു. പാർട്ടിയിലെ മുതിർന്ന നേതാവ് വിളിച്ച് ജിജി തോംസണെ പരിപാടിയിലേക്ക് ക്ഷണിക്കണമെന്നും അദ്ദേഹം ബിജെപിയുമായി സഹകരിക്കാൻ താൽപര്യം പ്രകടിപ്പിച്ചുനിൽക്കുകയാണെന്നും അറിയിച്ചതിനെ തുടർന്നാണ് ക്ഷണിച്ചതെന്നും ജിജി ജോസഫ് പറഞ്ഞു.
പരിപാടിയിൽ പങ്കെടുത്ത ജിജി തോംസൺ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിന്റെ നടപടികളെയും പ്രശംസിച്ച് സംസാരിച്ചെന്നും ജിജി ജോസഫ് പറഞ്ഞു . കൊച്ചിൻ ഷിപ്പ്യാർഡ് ഡയറക്ടർ പദവിയും അദ്ദേഹം ചൂണ്ടിക്കാട്ടി
ന്യൂനപക്ഷ മോർച്ചയുടെ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ 2017 മുതൽ 2020 വരെ കൊച്ചിൻ ഷിപ്പ്യാർഡിൽ ഇൻഡിപെൻഡന്റ് ഡയറക്ടറായി ജിജി തോംസണെ നിയമിച്ചിരുന്നുവെന്നും ജിജി ജോസഫ് ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

ജിജി തോംസൺ ഇതിലും വലിയ സ്ഥാനമാണ് പ്രതീക്ഷിച്ചിരുന്നതെന്ന് തനിക്ക് സംശയമുണ്ടെന്നും അതുകൊണ്ടാകാം പിന്നീട് ബിജെപിയുമായി മുന്നോട്ടുപോകാതിരുന്നതെന്നും ജിജി ജോസഫ് ആരോപിച്ചു. ‘കിട്ടാത്ത മുന്തിരി പുളിക്കും’ എന്ന പരാമർശത്തോടെയാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.
ജിജി ജോസഫിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ജിജി തോംസൺ ‘വെളിപ്പെടുത്തി’ യല്ലോ. ഇനി ഞാനും വെളിപ്പെടുത്താം.രാഷ്‌ട്രീയ പ്രവർത്തകർ രഹസ്യമായി നടത്തുന്ന ചർച്ചകളുടെയും കൂടിക്കാഴ്ചകളുടെയും വിവരങ്ങൾ പുറത്തു പറയരുതെന്നാണ് പറയാറ്. മുൻ ചീഫ് സെക്രട്ടറി കന്നംതിരിവ് കാണിച്ചതിനാൽ, ഈ അവസരത്തിൽ ഞാൻ അത് മാറ്റിവയ്‌ക്കുകയാണ്. ബി.ജെ.പി. സ്ഥാനാർത്ഥിയാകാൻ ജിജി തോംസണെ ഗ്യാനേഷ് കുമാർ ക്ഷണിച്ചു എന്നും ജയിച്ചാൽ മന്ത്രിയാക്കാം എന്ന് വാഗ്ദാനം ചെയ്തു എന്നാണല്ലോ അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.കൊച്ചിയിൽ 2017 ജൂൺ 26 ന് മാർ ക്രിസോസ്റ്റം തിരുമേനിയെ ആദരിക്കുന്ന ഒരു ചടങ്ങ് ന്യൂനപക്ഷ മോർച്ച സംഘടിപ്പിച്ചു. ഞാനായിരുന്നു അന്ന് ന്യൂനപക്ഷ മോർച്ചയുടെ സംസ്ഥാന പ്രസിഡന്റ്.കേരളത്തിലെ സംഘപരിവാർ പ്രവർത്തകർ അങ്ങേയറ്റം ബഹുമാനിക്കുന്ന മുതിർന്ന നേതാവ് എന്നെ വിളിച്ചു.
ജിജി തോംസനെ ഈ പരിപാടിക്ക് വിളിക്കണം.അദ്ദേഹം നമ്മോടൊപ്പം വരാൻ താൽപര്യം പ്രകടിപ്പിച്ചു നിൽക്കുകയാണ് എന്നും എന്നോട് പറഞ്ഞു. അതനുസരിച്ച് ഞാൻ ക്ഷണിക്കുകയും ചെയ്തു.

അദ്ദേഹം വരുകയും ശ്രീ നരേന്ദ്രമോദിയെക്കു റിച്ചും കേന്ദ്രസർക്കാരിന്റെയും നടപടികളെ കുറിച്ചും വാനോളം പുകഴ്‌ത്തുകയും ചെയ്ത ആളാണ് ഇദ്ദേഹം .ബിജെപി യോഗത്തിൽ പങ്കെടുത്തതിന് പിന്നാലെ അദ്ദേഹത്തിന് കേന്ദ്ര ഗവൺമെന്റിന് കീഴിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ 2017 മുതൽ 2020 വരെ ഇൻഡിപെൻഡന്റ് ഡയറക്ടറായി സ്ഥാനം ലഭിക്കുകയും ചെയ്തു.
ഇതിലും വലിയ സ്ഥാനമായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത് എന്ന് എനിക്ക് സംശയമുണ്ട്. ഏതായാലും കിട്ടാത്ത മുന്തിരി പുളിക്കും എന്ന് വീണ്ടും ഓർമിപ്പിച്ച മുൻ ചീഫ് സെക്രട്ടറിക്ക് നല്ല നമസ്കാരം.















