ഭുവനേശ്വർ: ഭാരതത്തിന്റെ ജ്യോതിശാസ്ത്ര മികവിന്റെയും വാസ്തുവിദ്യാ വൈഭവത്തിന്റെയും അതുല്യ മാതൃകയായ ഒഡീഷയിലെ കൊണാർക് സൂര്യക്ഷേത്രത്തിൽ നിർണായക സംരക്ഷണ നടപടി. 123 വർഷത്തോളമായി മണൽ നിറച്ച് അടച്ചിട്ടിരിക്കുന്ന ക്ഷേത്രത്തിലെ ജഗമോഹൻ മണ്ഡപത്തിൽ നിന്ന് മണൽ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ASI) നേതൃത്വത്തിലാണ് നടപടി.
13-ാം നൂറ്റാണ്ടിൽ ഗംഗാ രാജവംശത്തിലെ രാജാവായ നരസിംഹദേവൻ ഒന്നാമൻ നിർമ്മിച്ചതാണ് കൊണാർക് സൂര്യക്ഷേത്രം. സൂര്യദേവന്റെ രഥത്തിന്റെ മാതൃകയിലാണ് ക്ഷേത്രത്തിന്റെ രൂപകൽപ്പന. 24 കൂറ്റൻ ശിലാചക്രങ്ങളും ഏഴ് കുതിരകളുമാണ് ക്ഷേത്രത്തിന്റെ പ്രധാന സവിശേഷതകൾ. ചക്രങ്ങൾ അലങ്കാരത്തിനൊപ്പം സമയനിർണയത്തിനും ഉപയോഗിച്ചിരുന്നുവെന്നാണ് ചരിത്രപഠനങ്ങൾ വ്യക്തമാക്കുന്നത്.
ക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവിലും മറ്റ് ഘടനകളിൽ പലതും കാലക്രമേണ തകർന്നെങ്കിലും ജഗമോഹൻ അഥവാ പ്രധാന മണ്ഡപം ഇന്നും നിലനിൽക്കുന്നു. ക്ഷേത്രത്തിന്റെ ഘടനയ്ക്ക് ബലക്ഷയം സംഭവിച്ചതിനെ തുടർന്ന് 1903-ൽ ബ്രിട്ടീഷ് ഭരണകാലത്ത് ജഗമോഹനത്തിനുള്ളിൽ മണൽ നിറച്ച് അടയ്ക്കുകയായിരുന്നു. ഘടന തകർന്നുവീഴുന്നത് തടയുകയായിരുന്നു അന്നത്തെ ലക്ഷ്യം.
ഒരു നൂറ്റാണ്ടിലേറെ കാലം മണൽ നിറഞ്ഞ നിലയിൽ തുടർന്നതോടെ ജഗമോഹന്റെ ഉൾഭാഗം വിശദമായി പരിശോധിക്കാനോ കാണാനോ സാധിച്ചിരുന്നില്ല. മണലിന്റെ സ്വഭാവത്തിലും ഘടനയ്ക്കുള്ളിലെ ഈർപ്പത്തിലും മാറ്റങ്ങൾ ഉണ്ടായതോടെ ഇതിന്റെ ദീർഘകാല സുരക്ഷ സംബന്ധിച്ച ആശങ്കകളും ഉയർന്നു.
ഇതോടെയാണ് മണൽ ശാസ്ത്രീയമായി നീക്കം ചെയ്യാനുള്ള നടപടികൾ ASI ആരംഭിച്ചത്. 2025 ഡിസംബറിൽ പടിഞ്ഞാറൻ ഭിത്തിയിൽ പരീക്ഷണാടിസ്ഥാനത്തിൽ കോർ ഡ്രില്ലിംഗ് നടത്തിയിരുന്നു. ഭിത്തിയുടെ ശക്തിയും അകത്തെ മണലിന്റെ അവസ്ഥയും വിലയിരുത്തുന്നതിനായിരുന്നു പരിശോധന. IIT മദ്രാസ് ഉൾപ്പെടെയുള്ള വിദഗ്ധരുടെ സാങ്കേതിക വിലയിരുത്തലുകൾക്ക് ശേഷമാണ് തുടർനടപടികൾക്ക് അനുമതി ലഭിച്ചത്.
2026 ഏപ്രിലിൽ ജഗമോഹന്റെ പടിഞ്ഞാറൻ ഭാഗത്ത് ഏകദേശം 6 അടി × 5 അടി വലുപ്പത്തിലുള്ള പ്രവേശനപാത ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. മണൽ നീക്കം ചെയ്യാൻ നിയന്ത്രിത ഡ്രില്ലിംഗും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്. ഏകദേശം 80 അടി ഉയരത്തിലുള്ള ഭാഗത്ത് കൂടുതൽ വിപുലമായ പ്രവേശന സംവിധാനവും ഒരുക്കുന്നുണ്ട്. അപകടസാധ്യത ഒഴിവാക്കാൻ ആളുകളെ നേരിട്ട് അകത്തേക്ക് അയയ്ക്കാതെ റോബോട്ടിക് സംവിധാനങ്ങൾ ഉപയോഗിക്കാനാണ് പദ്ധതി.
മണൽ പുറത്തെടുക്കുന്നതിനിടെ ക്ഷേത്രത്തിന്റെ കൽഭിത്തികൾക്ക് യാതൊരു ആഘാതവും ഉണ്ടാകാതിരിക്കാനായി നിരീക്ഷണ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഏകദേശം രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സാങ്കേതിക പഠനങ്ങളുടെയും പരിശോധനകളുടെയും തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി.
മണൽ പൂർണമായി നീക്കം ചെയ്താൽ 123 വർഷമായി പൊതുജനങ്ങൾക്ക് കാണാൻ കഴിയാത്ത ജഗമോഹന്റെ ഉൾഘടനയെക്കുറിച്ച് കൂടുതൽ വിശദമായ പഠനം നടത്താനാകും. എന്നാൽ അകത്ത് പുതിയ ശിൽപ്പങ്ങളോ നിധികളോ കണ്ടെത്തുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല. പ്രധാന ലക്ഷ്യം ക്ഷേത്രത്തിന്റെ ഘടനാപരമായ സുരക്ഷ ഉറപ്പാക്കുകയും പൈതൃക സ്മാരകം ദീർഘകാലത്തേക്ക് സംരക്ഷിക്കുകയുമാണ്.
1984-ൽ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ കൊണാർക് സൂര്യക്ഷേത്രത്തിന്റെ സംരക്ഷണത്തിൽ നിർണായക അധ്യായമാണ് ഇപ്പോൾ തുറക്കുന്നത്. ഒരു നൂറ്റാണ്ടിലേറെ കാലം മണലിനടിയിൽ മറഞ്ഞിരുന്ന ക്ഷേത്രത്തിന്റെ ഉൾഘടനയിലേക്ക് ശാസ്ത്രീയ പരിശോധനയിലൂടെ വീണ്ടും വെളിച്ചം എത്തുകയാണ്.















