നെന്മാറ: ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണ് മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം. നെന്മാറ പുത്തൻതറ കണിമംഗലം സ്വദേശി മുരുകേശനാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിലാണ് അപകടം. ചെറിയ വീട്ടിൽ ഒറ്റയ്‌ക്ക് താമസിച്ചുവരികയായിരുന്നു മുരുകേശൻ. വെള്ളിയാഴ്ച രാവിലെ സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് ചുമർ ഇടിഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്.
തുടർന്ന് പ്രദേശവാസികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ചുമരിന്റെ അവശിഷ്ടങ്ങൾക്കിടയിൽ മുരുകേശനെ കണ്ടെത്തിയത്. ഉടൻ നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം വൈകീട്ടോടെ വക്കാവ് പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.















