മോസ്കോ: അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടിയതിനെ തുടർന്നുണ്ടായ അണുബാധമൂലം ന്യൂമോണിക് പ്ലേഗ് ബാധിച്ച 28കാരിയായ ലാബ് ടെക്നീഷ്യൻ സൈബീരിയയിൽ മരിച്ചു. ഇറ്കുട്സ്ക് ആന്റി-പ്ലേഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിയായ ദാര്യ ഷിപിലോവയാണ് മരിച്ചത്. ഇവർക്ക് സ്ഥാപനത്തിൽവച്ചാണ് രോഗബാധയുണ്ടായതെന്നാണ് പ്രാദേശിക മാധ്യമമായ പീപ്പിൾ ഓഫ് ബൈക്കൽ റിപ്പോർട്ട് ചെയ്യുന്നത്.
സെപ്റ്റംബർ 29നാണ് ദാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രണ്ട് ദിവസത്തിന് ശേഷം മരണം സംഭവിക്കുകയായിരുന്നു.
ദാര്യയുമായി സമ്പർക്കം പുലർത്തിയ കരുതുന്ന 200ഓളം പേരെ ക്വാറന്റൈനിലാക്കിയതായാണ് റിപ്പോർട്ട്. നിലവിൽ സമ്പർക്കപ്പട്ടികയിലുള്ള ആർക്കും രോഗലക്ഷണങ്ങളില്ലെന്നും നടത്തിയ പരിശോധനകളുടെ ഫലം നെഗറ്റീവാണെന്നും അധികൃതർ അറിയിച്ചു.
റഷ്യയിലെ ബുരിയാത്തിയ മേഖലയിലെ ഗവർണർ അലക്സി സിഡെനോവ് നേരത്തെ സമൂഹമാധ്യമത്തിലൂടെ അയൽപ്രദേശമായ ഇറ്കുട്സ്കിൽ ഒരു സ്ത്രീ പ്ലേഗ് ബാധിച്ച് മരിച്ചതായി അറിയിച്ചിരുന്നു. എന്നാൽ അന്ന് രോഗം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല.
സംഭവത്തെ തുടർന്ന് റഷ്യയുടെ ചീഫ് സ്റ്റേറ്റ് സാനിറ്ററി ഡോക്ടർ അന്ന പൊപോവ സൈബീരിയയിലെത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയതായാണ് റിപ്പോർട്ട്. ഇറ്കുട്സ്കിൽ മാസ്ക് ധരിക്കുന്നതിനുള്ള നിർദേശവും നിലവിൽ വന്നിട്ടുണ്ട്.
അതിനിടെ, അഭ്യൂഹങ്ങളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് സമീപ നഗരമായ ഷെലെഖോവിലെ മേയർ മാക്സിം മോഡിൻ ജനങ്ങളോട് ആവശ്യപ്പെട്ടു. വിദഗ്ധരുടെ പരിശോധനാ ഫലം പുറത്തുവരുന്നതുവരെ അന്തിമ നിഗമനത്തിലെത്തരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ന്യൂമോണിക് പ്ലേഗ് അതീവ ഗുരുതരമായ രോഗമാണ്. സമയബന്ധിതമായി ചികിത്സ ലഭിക്കാത്ത പക്ഷം രോഗം മാരകമായേക്കാമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.















