തിരുവനന്തപുരം: കേരള നിയമസഭയ്ക്ക് മുന്നിൽ മഴുവുമായി ഓടുന്ന ജൂനിയർ NTR….. പിന്നാലെ ആളുകളെ ആക്രമിക്കുന്ന രംഗം. എസ്.എസ്. രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് ആക്ഷൻ രംഗം ചിത്രീകരിച്ചത് തിരുവനന്തപുരത്തായിരുന്നുവെന്ന് സംവിധായകന്റെ വെളിപ്പെടുത്തൽ. 2003ൽ പുറത്തിറങ്ങിയ ‘സിംഹാദ്രി’യുടെ ഷൂട്ടിംഗ് ഓർമകൾ പങ്കുവയ്ക്കുകയായിരുന്നു രാജമൗലി.
മകൻ എസ്.എസ്. കാർത്തികേയ നിർമിക്കുന്ന ‘Don’t Trouble the Trouble’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഫഹദ് ഫാസിൽ, കാർത്തികേയ, സംഗീത് പ്രതാപ്, ശ്യാം മോഹൻ എന്നിവരുമായി നടത്തിയ സംഭാഷണത്തിനിടെയാണ് രാജമൗലി പഴയ ഓർമകൾ പങ്കുവച്ചത്.
‘സിംഹാദ്രി’യുടെ നിർണായക ആക്ഷൻ രംഗങ്ങളിലൊന്ന് കേരള നിയമസഭയ്ക്ക് മുന്നിലാണ് ചിത്രീകരിച്ചതെന്ന് രാജമൗലി പറഞ്ഞു. മഴുവുമായി നായകൻ നിയമസഭയ്ക്ക് മുന്നിലൂടെ ഓടുകയും ആളുകളെ ആക്രമിക്കുകയും ചെയ്യുന്ന രംഗമായിരുന്നു അത്. ഈ രംഗങ്ങൾക്കായി സിനിമാ സംഘം തിരുവനന്തപുരത്ത് ഏകദേശം 10 ദിവസത്തോളം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ സാഹചര്യത്തിൽ അത്തരമൊരു ലൊക്കേഷനിൽ ചിത്രീകരണത്തിന് അനുമതി ലഭിക്കുമോയെന്ന് അറിയില്ലെന്നും രാജമൗലി കൂട്ടിച്ചേർത്തു.
രാജമൗലിയുടെ മകൻ കാർത്തികേയയും ഈ രംഗത്തെ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വയലന്റ് ആക്ഷൻ എപ്പിസോഡായാണ് വിശേഷിപ്പിച്ചത്. പിന്നീട് ഇതിനെക്കാൾ വയലന്റായൊരു രംഗം രാജമൗലി ചിത്രീകരിച്ചിട്ടില്ലെന്നാണ് കാർത്തികേയ പറഞ്ഞത്.
എന്തുകൊണ്ട് കേരളം?
‘സിംഹാദ്രി’യുടെ കഥയിൽ നായകന് ആന്ധ്രയിൽ നിന്ന് മറ്റൊരു പ്രദേശത്തേക്ക് പോകേണ്ട സാഹചര്യമുണ്ടായതിനാലാണ് കേരളം തിരഞ്ഞെടുത്തതെന്ന് രാജമൗലി പറഞ്ഞു. ചിത്രത്തിലെ നായകന്റെ മറ്റൊരു വ്യക്തിത്വമായ ‘സിംഗമലൈ’ എന്ന പേരും കേരള പശ്ചാത്തലത്തിന് കാരണമായതായി അദ്ദേഹം ഓർത്തെടുത്തു.
‘സിംഗമലൈ’ യഥാർഥത്തിൽ തമിഴ് വാക്കാണെന്നും അന്ന് തമിഴും മലയാളവും പ്രേക്ഷകർ തിരിച്ചറിയില്ലെന്ന തമാശയോടെയാണ് ആ പേര് ഉപയോഗിച്ചതെന്നും രാജമൗലി പറഞ്ഞു.ജൂനിയർ NTRയെ നായകനാക്കി 2003ൽ പുറത്തിറങ്ങിയ ‘സിംഹാദ്രി’ രാജമൗലിയുടെ ആദ്യകാല കരിയറിലെ നിർണായക ചിത്രങ്ങളിലൊന്നായിരുന്നു.















